ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ, നാല് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വ്യോമസേനയുമായി സഹകരിച്ച് നടത്തുന്ന ആദ്യ വ്യോമാഭ്യാസം "സംവേദന" ഈ മാസം 12 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും.
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ, നാല് ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ വ്യോമസേനയുമായി സഹകരിച്ച് നടത്തുന്ന ആദ്യ വ്യോമാഭ്യാസം "സംവേദന" ഈ മാസം 12 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കും. ദുരന്തനിവാരണ സംവിധാനങ്ങളിലെ വിവിധ വശങ്ങൾ കോർത്തിണക്കിയ ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ശ്രീലങ്ക, ബാംഗ്ലാദേശ്, നേപ്പാൾ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വ്യോമസേനാംഗങ്ങൾ പങ്കെടുക്കുന്നു.
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ അയൽ രാജ്യങ്ങളുമായി സഹവർത്തിത്ത്വത്തിലുള്ള പ്രവർത്തന രീതി രാജ്യം ആഗ്രഹിക്കുന്നതിന്‍റെ ഭാഗമായി " സഹാനുഭൂതി " എന്ന അർത്ഥം വരുന്ന "സംവേദന " എന്ന പേരാണ് വ്യോമാഭ്യാസത്തിന് നൽകിയിരിക്കുന്നത്. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്ന സമയങ്ങളിൽ വ്യോമസേന നടപ്പിലാക്കേണ്ട അടിസ്ഥാനപരമായ ചട്ടക്കൂട് നിർമ്മിക്കുവാൻ ഈ വ്യോമാഭ്യാസം സഹായകമാകും. കൂടാതെ, ഭാവിയിൽ കൂടുതൽ അയൽ രാജ്യങ്ങളുമായി സഹകരിച്ച് ദുരന്തനിവാരണ വ്യോമാഭ്യാസങ്ങൾ പരിഷ്ക്കരിക്കുവാനും "സംവേദന" കാരണമാകും.
മക്കറൻ മേഖലയിൽ ഭൂവൽക്ക ഫലകങ്ങളുടെ ചലനം കാരണം അറബിക്കടലിൽ ഉടലെടുക്കാവുന്ന സുനാമി സാധ്യതയും, അത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഉണ്ടാക്കിയേക്കാവുന്ന ഭൂകമ്പം, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് ,ദുരന്തനിവാരണത്തിന് വേണ്ട തയ്യാറെടുപ്പുകൾ എങ്ങനെ നടത്താം എന്നെല്ലാം ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം ഭൂകമ്പം, വെള്ളപ്പൊക്കം, തീ പിടുത്തം എന്നീ അവസരങ്ങളിൽ വ്യോമസേന അവലംഭിക്കേണ്ട രക്ഷാപ്രവർത്തന രീതിയുടെ പ്രത്യക്ഷത്തിലുള്ള പ്രകടനമാകും "സംവേദന ".
