2017 ഫെബ്രുവരിയെ അപേക്ഷിച്ചു ഈ വര്‍ഷം ഫെബ്രുവരിയില്‍ വിദേശികള്‍ അയച്ച പണത്തില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

സൗദി അറേബ്യ : ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ സൗദിയിലെ പ്രവാസികള്‍ 240 കോടി റിയാല്‍ അധികം നാട്ടിലേക്ക് അയച്ചെന്ന് കണക്കുകള്‍. സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പണം അയക്കുന്ന തോത് കൂടിയതെന്നത് ശ്രദ്ധേയമാണ്.

ജനുവരി മാസത്തെ അപേക്ഷിച്ചു കഴിഞ്ഞ മാസം വിദേശികള്‍ സ്വന്തം നാടുകളിലേക്ക് അയച്ച പണത്തില്‍ 240 കോടി റിയാലിന്റെ വര്‍ദ്ധനവ് ഉണ്ടായതായി സൗദി അറേബ്യന്‍ മോണിറ്ററി അഥോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരിയില്‍ വിദേശികളയച്ചത് 1040 കോടി റിയാലാണ്. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 1280 കോടി റിയാലായി ഉയര്‍ന്നു. 2017 ഫെബ്രുവരിയെ അപേക്ഷിച്ചു ഈ വര്‍ഷം ഫെബ്രുവരിയില്‍ വിദേശികള്‍ അയച്ച പണത്തില്‍ 19 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.

പതിനഞ്ചു മാസത്തിനിടെ വിദേശികള്‍ ഏറ്റവും കുറച്ചു പണം അയച്ചത് 2017 സെപ്റ്റംബറിലായിരുന്നു. അകെ 855 കോടി റിയാല്‍ മാത്രമാണ് അന്ന് വിദേശികളയച്ചത്. അതേസമയം സൗദിയുടെ ചരിത്രത്തില്‍ വിദേശികള്‍ ഏറ്റവും കൂടുതല്‍ പണം അയച്ചത് 2015ല്‍ ആണ്. 15,700 കോടി റിയാലാണ് 2015 ല്‍ വിദേശികള്‍ സ്വന്തം നാടുകളിലേക്ക് അയച്ചത്.