ഒമാന്‍: ഒമാനിലെ വിദേശികളുടെ എണ്ണം കൂടുന്നത് നിയന്ത്രിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഒമാന്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സൈദ്. വിദേശികളുടെ എണ്ണം വര്‍ധിക്കുന്നതിലെ ആശങ്ക മന്ത്രിസഭായോഗത്തിലാണ് സയ്യിദ് ഫഹദ് പങ്കുവെച്ചത്. ഒമാനില്‍ വിദേശ തൊഴില്‍ ശക്തി വര്‍ധിച്ചു വരുന്ന സ്ഥിതിവിശേഷം അവസാനിപ്പിക്കണം. ഇത് രാജ്യത്തെ എല്ലാ മേഖലകളുടെയും സ്ഥാപനങ്ങളുടെയും ഉത്തരവാദിത്വ മാണെന്നും, വിദേശികളുടെ എണ്ണം കുറക്കാന്‍ സാമൂഹികമായി പരിശ്രമിക്കണമെന്നും ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് പറഞ്ഞു.
സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീല കേന്ദ്രങ്ങളുടെയും ശ്രമങ്ങള്‍ സംബന്ധിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ സ്വാകാര്യ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളില്‍ ഇതിന്നായി കൂടുതല്‍ പ്രവൃത്തികള്‍ നടപ്പിലാക്കണം. വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കുകയാണ് ഇതിന്ന് പ്രാഥമികമായി ചെയ്യേണ്ടത്.
സ്വദേശി വിദ്യാര്‍ഥികളുടെ പരിശീലക്കുറവ് മൂലം, ജോലി ലഭിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും സയ്യിദ് ഫഹദ് മന്ത്രിസഭയില്‍ വ്യക്തമാക്കി. വ്യത്യസ്ത മേഖലകളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷിടിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. സ്വകാര്യ മേഖലയെയും നിക്ഷേപക രംഗത്തെയും പിന്തുണച്ച് പദ്ധതികള്‍ വര്‍ധിപ്പിക്കുകയും സാമ്പത്തിക വികസനത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ രൂപപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഉപപ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.
