പശ്ചിമദില്ലിയിൽ നാൻഗ്ലോയി ഗവർമെന്‍റ് ബോയിസ് സീനിയർ സെക്കന്‍ഡറി സ്കൂളിലെ ഹിന്ദി അധ്യാപകൻ മുകേഷ് കുമാറാണ് വിദ്യാർത്ഥികളുടെ കത്തിക്കിരയായത്. ഹാജർനില കുറഞ്ഞതിനെതിരെ നടപടിയെടുത്തതാണ് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകൾ ക്രമീകരിക്കുകയായിരുന്ന മുകേഷ് കുമാറിനെ മൂന്ന് തവണ വിദ്യാർത്ഥികൾ കുത്തി. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. ആക്രമിച്ച വിദ്യാർത്ഥികളിൽ ഒരാളെ അധ്യാപകൻ ക്ലാസ്സിൽ നിന്ന് പുറത്താക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥി സഹാപാഠിക്കൊപ്പം പരീക്ഷ ഹാളിലെത്തി അധ്യാപകനെ കുത്തുകയായിയിരുന്നു. 

ചികിത്സയിൽ കഴിയവേയാണ് അധ്യാപകൻ മരിച്ചത്. പരീക്ഷകളില്‍ നിരവധി തവണ തോറ്റവരാണ് വിദ്യാർത്ഥികൾ . ഇവർ കുറച്ചുദിവസമായി മുകേഷ് കുമാറിനേയും പ്രധാന അധ്യാപകനേയും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മറ്റ് അധ്യാപകർ പറഞ്ഞു.

മൂന്ന് തവണ പരീക്ഷയില്‍ തോറ്റ ആറ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മുകേഷിന്‍റെ ബന്ധുക്കളുടെ ആരോപണം. ആക്രമണ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു. അധ്യാപകന്‍റെ കുടുംബത്തിന് ദില്ലി സർക്കാർ ഒരു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു