Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ വിഷപ്പുക: അപകടസാധ്യത ഒഴിവായെന്ന് വിദഗ്ധർ

ബ്രഹ്മപുരത്തെ തീപ്പിടുത്തതിലുണ്ടായ അപകടസാധ്യത ഒഴിവായെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. സംഭവദിവസങ്ങളിൽ മലീനീകരണ തോത് മൂന്നിരട്ടി വരെ കൂടി. പ്രദേശവാസികൾ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം.

experts about smoke blanketed in kochi
Author
Kochi, First Published Feb 25, 2019, 9:56 AM IST

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടുത്തതിലുണ്ടായ വിഷപ്പുകയിൽ അപകടസാധ്യത ഒഴിവായെന്ന് വിദഗ്ധർ. കടലിനോട് ചേർന്നുള്ള നഗരമായതിനാലാണ് അന്തരീക്ഷത്തിലെ മലിനീകരണത്തോതിൽ കാര്യമായ കുറവുണ്ടാക്കി സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ഗൗരവമായ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും പ്രദേശവാസികൾ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് ഉൾപ്പെട്ട മാലിന്യക്കൂമ്പാരം രണ്ട് ദിവസത്തിലധികം കത്തിയപ്പോൾ ഗുരുതരമായ വാതകങ്ങളാണ് പുറന്തള്ളപ്പെട്ടത്. പുകയുടെ സാന്നിദ്ധ്യം അന്തരീക്ഷത്തിൽ വരുന്ന 48 മണിക്കൂർ കൂടി തങ്ങി നിൽക്കാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ പുകപടലങ്ങളുടെ അനുവദനീയമായ അളവ് സൂചിപ്പിക്കുന്ന പിഎം10  ന്‍റെ അളവ് 100 പോയിന്‍റിൽ കൂടരുത്. വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ കൊച്ചിയുടെ അന്തരീക്ഷത്തിൽ ഈ ആളവ് യഥാക്രമം 188,207,152 പോയിന്‍റായിരുന്നു.  ശ്വാസകോശത്തെ ബാധിക്കുന്ന പിഎം2.5ന്‍റെ അനുവദനീയമായ അളവ് 60 ആയിരുന്നെങ്കിൽ ഇത് ശനിയാഴ്ച മൂന്നിരട്ടി വർധിച്ച് 161 വരെയെത്തി. എന്നാൽ ഞായറാഴ്ച ഇത് 77 ലേക്ക് കുറഞ്ഞതിനാൽ അപകടസാധ്യത ഒഴിവായെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നു. എങ്കിലും കുഞ്ഞുങ്ങൾ,പ്രായമായവർ,ഹൃദ്രോഗികൾ,ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരെല്ലാം പുക ശ്വസിക്കാതെ മാറി നിൽക്കണം.

കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന നഗരമായതിനാലാണ് കൊച്ചിയിൽ സ്ഥിതി നിയന്ത്രണവിധേയമായത്. ഈർപ്പം കെട്ടി നിൽക്കാത്തതും, അന്തരീക്ഷത്തിലെ ചൂടും പ്രത്യാഘാതം കുറച്ചു. മാലിന്യം സംസ്കരിക്കാതെ തുറസ്സായ സ്ഥലത്ത് കൂട്ടിയിടുന്നത് ഇനിയും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാനിടയാക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏത് സാഹചര്യം നേരിടാനും വൈറ്റില, ഇരുമ്പനം, തൃപ്പൂണിത്തുറ എന്നീ മേഖലകളിൽ പ്രത്യേക മെഡിക്കൽ സംഘം തയ്യാറാണെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios