നിസ്വാര്‍ഥമായ വാടക ഗര്‍ഭധാരണം മാത്രമാണ് ഇനി അനുവദിക്കുക. ചികിത്സാ ചെലവ് അല്ലാതെ മറ്റൊരു ഉപഹാരവും ഇതിന്‍റെ പേരിൽ സ്വീകരിക്കാൻ പാടില്ല. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കേ വാടക ഗര്‍ഭധാരണ സാധ്യത തേടാനാവൂ

തിരുവനന്തപുരം: ലോക്സഭാ പാസാക്കിയ വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ലിൽ ദമ്പതികളുടെ ഉറ്റ ബന്ധുവിനെ മാത്രമേ വാടക ഗര്‍ഭധാരണത്തിന് തെരെഞ്ഞെടുക്കാവൂ എന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍. വാടക ഗര്‍ഭധാരണം വഴി കുട്ടികള്‍ക്കായി കാത്തിരിക്കുന്ന ഭൂരിപക്ഷം ദമ്പതികള്‍ക്കും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

വാടക ഗര്‍ഭധാരണത്തിന്‍റെ വാണിജ്യ കേന്ദ്രമായി ഇന്ത്യ മാറുന്നു, വാടക ഗര്‍ഭധാരണ സാധ്യതയെ ചിലര്‍ ചൂഷണം ചെയ്യുന്നു എന്നിങ്ങനെയുള്ള പരാതികളും ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് വാടക ഗര്‍ഭധാരണ നിയന്ത്രണ ബിൽ ലോക്സസഭ പാസാക്കിയത്.

നിസ്വാര്‍ഥമായ വാടക ഗര്‍ഭധാരണം മാത്രമാണ് ഇനി അനുവദിക്കുക. ചികിത്സാ ചെലവ് അല്ലാതെ മറ്റൊരു ഉപഹാരവും ഇതിന്‍റെ പേരിൽ സ്വീകരിക്കാൻ പാടില്ല. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ദമ്പതികള്‍ക്കേ വാടക ഗര്‍ഭധാരണ സാധ്യത തേടാനാവൂ. എന്നാൽ, ഗര്‍ഭം ധരിക്കുന്ന സ്ത്രീ ഉറ്റ ബന്ധുവായിരിക്കണമെന്നും നിർദേശമുണ്ട്.

ഉറ്റബന്ധുവാരെന്ന് നിര്‍വചിക്കണമെന്ന ആവശ്യം ലോക്സഭയിൽ ബില്ലിൻമേലുള്ള ചര്‍ച്ചയിൽ ഉയർന്നിരുന്നു. പണം വാങ്ങി വാടക ഗര്‍ഭധാരണം നടത്തുന്നത് ഇനി മുതൽ കുറ്റകരമാണ്. ഉറ്റബന്ധു നിര്‍ദേശം നടപ്പായാൽ വാടക ഗര്‍ഭധാരണത്തിന് ആളെ കിട്ടില്ലെന്നാണ് വിമര്‍ശകരുടെ പക്ഷം.