തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി മന്ത്രി എം എം മണി നിയമസഭയില്‍. വിവാദത്തിനിടയായ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ലെന്നും പറഞ്ഞത് എഡിറ്റ് ചെയ്ത് തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നുവെന്നും മണി നിയമസഭയില്‍ പറഞ്ഞു. ചില മാധ്യമപ്രവർത്തകർക്ക് തന്നോട് വിരോധമുണ്ടെന്നും മണി ആരോപിച്ചു . പൊമ്പിളൈ ഒരുമൈ പ്രവർത്തകരെല്ലാം സമരത്തിനില്ലെന്നും നാലാൾ സമരമാണിപ്പോൾ നടക്കുന്നതെന്നും തന്നേയും പാർട്ടിയേയും താറടിക്കാൻ ശ്രമമെന്നും മണി പറഞ്ഞു . സ്ത്രീകളോട് എന്നും ആദരവോട് കൂടിയേ പെരുമാറിയിട്ടുള്ളൂ വെന്നും മണി പറഞ്ഞു.

അതിനിടെ വിവാദപരാമര്‍ശത്തില്‍ നിയമസഭയില്‍ മന്ത്രി എം.എം മണിയെമുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചു. മണിയുടേത് നാടൻ ശൈലിയാണെന്നും എതിരാളികൾ അതിനെ പർവ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു .

നിയമസഭയില്‍ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. വിമർശനമുന്നയിക്കും മുമ്പ് എങ്ങനെ വിശദീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു . കീഴ്വഴക്കങ്ങൾ ലംഘിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. എം എം മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാർഡും ബാനറുകളുമായിട്ടാണ് സഭയിലെത്തിയത്. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണി കേരളീയ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.