പുതിയ അന്നദാനം മണ്ഡപത്തിന് മുകളിലാണ് ദേവസ്വം ബോര്‍ഡ് സ്വകാര്യവ്യക്തിക്ക് നടത്തിപ്പിനായി വിട്ടുകൊടുത്ത വിരിവയ്പ്പുകേന്ദ്രം. കന്യാകുമാരി സ്വദേശി ജോണ് ആണ് 18 ലക്ഷം രൂപ നല്‍കി സ്ഥലം കരാറെടുത്തിരിക്കുന്നത്. അയ്യപ്പന്‍മാരില്‍ നിന്നും വിരി ഒന്നിന് 25 രൂപ മാത്രമെ ഈടാക്കാനാകൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവര്‍ അയ്യപ്പന്മാരില് നിന്നും വാങ്ങിച്ചിരുന്നത് 40 രൂപവരെയാണ്.

തിരക്കേറുമ്പോള്‍ നിരക്കും ഉയരും. ഇവര്‍ സ്വന്തം നിലക്ക് ചട്ടവിരുദ്ധമായി റസീപ്റ്റ് ബുക്ക് വരെ അടിച്ചിരുന്നു. വിരിവയ്പ്പുകാര്‍ക്കെതിരെ അയ്യപ്പന്മാര്‍ പരാതിപ്പട്ടതോടെ പൊലീസും സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റും പ്രശ്‌നത്തില് ഇടപെട്ടു. നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും പിഴ ഈടാക്കാനും മതിയായ രേഖകളില്ലാതെ വിരിവയ്പ്പ് കേന്ദ്രത്തില്‍ ജോലി ചെയ്ത ഒരാളെ പറഞ്ഞയക്കാനും മജിസ്‌ട്രേറ്റ് തീരുമാനിച്ചു.

സന്നിധാനത്ത് മറ്റിടങ്ങളിലും സമാനമായ ചൂഷണം വ്യാപകമാണ്. സ്ഥലം കരാറിന് കൊടുത്താല് ഉത്തരവാദിത്വമെല്ലാം അവസാനിച്ചുവെന്ന ദേവസ്വംബോര്‍ഡിന്റെ നിസ്സംഗ നിലപാടാണ് ഇവിടെയെല്ലാ ചൂഷണങ്ങള്ക്ക് വഴിയൊരുക്കുന്നതെന്ന് പറയാതെ വയ്യ.