കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നഗര്‍ഹര്‍ പ്രവിശ്യയില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെയുണ്ടായ സ്ഫോടനങ്ങളില്‍ മൂന്ന് യുവ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. നഗര്‍ഹര്‍ പ്രവിശ്യയിലെ വ്യത്യസ്ത ജില്ലകളില്‍ പ്രാദേശിക ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ക്കിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ മത്സരങ്ങള്‍ കാണാനെത്തിയ ആറ് പേര്‍ക്ക് പരുക്കേറ്റു. 

ബാട്ടികോട്ട് ജില്ലയില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് കളിക്കാര്‍ക്ക് ജീവന്‍ നഷ്ടമായതായും രണ്ട് കാണികള്‍ക്ക് പരുക്കേറ്റതായും പ്രവിശ്യ വക്താവ് അത്തൗള്ള ഗൊഗ്യാനി പറഞ്ഞു. അതേസമയം രണ്ടാം സ്ഫോടനം നടന്ന ഗൊഗ്യാനി ജില്ലയില്‍ നാല് കാണികള്‍ക്ക് പരുക്കേറ്റതായി കൗണ്‍സില്‍ അംഗം സാബിദുള്ള സെമറായി അറിയിച്ചു. 

സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസ് ബന്ധമുള്ള തീവ്രവവാദ സംഘടനകള്‍ക്കും സ്വാധീനമുള്ള മേഖലയാണ് നഗര്‍ഹര്‍ പ്രവിശ്യ.