ഉത്തര്‍പ്രദേശ് നിയമസഭയില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷനേതാവ് റാം ഗോവിന്ദ് ചൗധരിയുടെ സീറ്റിനരികെ സ്ഫോടകവസ്തുവായ 60ഗ്രാം പെന്റാ എര്‍ത്രിറ്റോള്‍ ടെട്രാനൈട്രേറ്റാണ് ഡോഗ് സ്ക്വാഡ് കണ്ടെത്തിയത്. ഉടന്‍ സുരക്ഷാസൈനികര്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി നിയമസഭയുടെ സുരക്ഷ ശക്തമാക്കിയിരുന്നു. 

സംഭവം തീവ്രവാദി ആക്രമണമാകാമെന്നും സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയെ അറിയിച്ചു. ജനങ്ങള്‍ പിന്തുടരേണ്ട സുരക്ഷാമുന്നൊരുക്കങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ അടിയന്തിര അന്വേഷണം വേണമെന്ന് സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. നിയമസഭയിലെ സുരക്ഷ ഇതാണെങ്കില്‍ മറ്റിടങ്ങളിലെ അവസ്ഥ എന്താകുമെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി ചോദിച്ചു. സുരക്ഷ വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചതായും, സുരക്ഷ ഒരു സുപ്രധാന വിഷയമാമെന്നും മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങും അഭിപ്രയപ്പെട്ടു.