കണ്ണൂർ: ശ്രീകണ്ഠാപുരത്ത് അനധികൃത ക്വാറിയിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. 2 പേരെ അറസ്റ്റ് ചെയ്തിന് പുറമെ 380 ജലാറ്റിൻ സ്റ്റിക്കുകൾ, 405 ഡിറ്റണോറ്ററുകൾ എന്നിവയും തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ശ്രീകൃഷ്ണ ജയന്തിയാഘോഷങ്ങൾ മുന്നിൽ നിൽക്കെ സിപിഎം-ബിജെപി സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെങ്ങും പൊലീസ് കനത്ത ജാഗ്രതയിലാണ്.
ഇരിട്ടി വള്ളിയാട് കഴിഞ്ഞ ദിവസം ഉഗ്ര ശേഷിയുള്ള ഏഴ് സ്റ്റീൽ ബോബുകൾ കണ്ടെത്തിയതോടെ ജില്ലയിലെങ്ങും വ്യാപക റെയ്ഡാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ആളൊഴിഞ്ഞയിടങ്ങളിലും ക്വാറികളിലും റെയ്ഡ് നടക്കുന്നതിനിടെയാണ് ശ്രീകണ്ഠാപുരത്ത് നിന്നും സ്ഫോടക വസ്തു ശേഖരം പിടികൂടിയത്. 380 ജലാറ്റിൻ സ്റ്റിക്കുകൾക്കും 405 ഡിറ്റണേറ്ററുകൾക്കും പുറമെ, ക്വാറിയിൽ സ്ഫോടനത്തിന് തയാറാക്കിയ19 യൂണിറ്റുകളും , 2 ജെസിബിയും 3 ട്രാക്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്.. സജി ജോൺ, ബിനോയ് എന്നിവരാണ് അറസ്റ്റിലായത്. ഉടമകളായ ജുബൈദ്, നാസർ എന്നിവർക്കെതിരെ കേസുമെടുത്തിട്ടുണ്ട്.
അതേസമയം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സിപിഎമ്മും ആർ.എസ്.എസും പ്രത്യേകം റാലികളുമായി തെരുവിലിറങ്ങുന്നതിനാൽ കനത്ത ജ്ഗാരതയിലാണ് പൊലീസ്. 362 ഘോഷയാത്രകളാണ് മൊത്തം നടക്കുക എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഏറ്റുമുട്ടലൊഴിവാക്കാൻ ഇരുവിഭാഗത്തിനും ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വെവേറെ സമയവും സ്ഥലങ്ങളും നൽകി. സംഘഷമുണ്ടാക്കിയാൽ നേരിടുമെന്ന മുന്നറിയിപ്പാണുള്ളത്. സമീപകാലത്ത് സംഘർഷമുണ്ടായ തില്ലങ്കേരി, മുഴക്കുന്ന്, പിലാത്തറ , പയ്യന്നൂർ, തലശേരി, മേലൂർ, കതിരൂർ, അമ്പാടിമുക്ക്, ധർമ്മടം, എന്നിവിടങ്ങൾ പ്രശ്നബാധിതമായി കണക്കാക്കിയിട്ടുണ്ട്.
അനുമതിയില്ലാതെ റാലികളോ റാലികളിൽ പങ്കെടുക്കാനോ പാടില്ല. പങ്കെടുക്കുന്നവരുടെ എണ്ണവും വിവരവും വരെ പാർട്ടികലിൽ നിന്ന് വാങ്ങിയിട്ടുണ്ട്. ശബ്ദമലിനീകരണം ഉണ്ടാക്കിയാൽ മൈക്ക് ഓപ്പറേറ്റർമാർക്കെതിരെ വരെ കേസുണ്ടാകും. ഗതാഗത തടസ്സമുണ്ടാക്കിയാലും സംഘർഷങ്ങളുണ്ടായാലും സംഘാകർക്കെതിരെ കേസുണ്ടാകും. സമീപ ജില്ലകളിൽ നിന്ന് അധിക സേനയെ വിന്യസിക്കും. മുൻപില്ലാത്ത വിധം കാന്റീനുകളിലും ഓഫീസ് ഡ്യൂട്ടിയിലും ഉള്ള പൊലീസുകാരെ വരെ രംഗത്തിറക്കിയാണ് പൊലീസ് പന്ത്രണ്ടാം തിയതിയിലെ ഘോഷയാത്രകളെ നേരിടാനൊരുങ്ങുന്നത്.
