പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് , എന്നിവയുടെ പകര്‍പ്പ് സഹിതം പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌പോര്‍ട്ട് ലഭ്യമാക്കും. പൊലീസ് പരിശോധന മൂലം പാസ്‌പോര്‍ട്ട് താമസിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും സുഷമാ സ്വരാജ് പറഞ്ഞു. 

വിവിധ രേഖകള്‍ക്കൊപ്പം പാസ്സ്‌പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും പൊലീസ് വെരിഫിക്കേഷന്റെ പേരില്‍ നടപടിക്രമങ്ങള്‍ അനന്തമായി നീളുവെന്ന പരാതി നിലവിലുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷയും രേഖകളുടെ സമര്‍പ്പണവും ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുമെങ്കിലും പൊലീസ് വെരിഫിക്കേഷന്‍ ഇപ്പോഴും പഴയ രീതിയില്‍ തന്നെയാണ് നടക്കുന്നത്. ഓരോ സ്റ്റേഷനിലെയും ചുമതലപ്പെട്ട ഉദ്ദ്യോഗസ്ഥന്‍ അപേക്ഷകന്റെ വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്. ഇത് ഏറെ കാലതാമസം വരുത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.