ഇടുക്കി: വഴി വിട്ട ബന്ധങ്ങളുടെ പേരിലുള്ള അതിക്രമം തോട്ടംമേഖലയില്‍ ചോരക്കറ പടര്‍ത്തുന്നു. മൂന്നുമാസത്തിനിടെ നടന്ന ആക്രമണങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു.

വഴിവിട്ട ബന്ധങ്ങളുടെ പേരിലുള്ള അതിക്രമങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സെവന്‍മല എസ്റ്റേറ്റില്‍ യുവാവിനെ ഗുരതരമായ പരിക്കേല്‍ക്കാനാനിടയായ സംഭവം വഴിവിട്ട ബന്ധങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളാണ്. വിവാഹം കഴിഞ്ഞ യുവതി കാമുകനോടൊപ്പം ഇറങ്ങിപ്പോയതു മൂലമുള്ള കലഹമാണ് യുവാവിന് ഗുരുതരമായി വെട്ടേല്‍ക്കാനിടയാക്കിയത്. വിവാഹം കഴിഞ്ഞ സഹോദരി ഇറങ്ങിപ്പോയതില്‍ മനംനൊന്ത സഹോദരന്‍ കാമുകനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവിന് വെട്ടേല്‍ക്കുകയായിരുന്നു. പോതമേട് സ്വദേശി രാജേഷ്(25)നാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

രാജേഷിന്റെ വിവാഹം കഴിഞ്ഞ സഹോദരിയുമായി സുന്ദരത്തിന്റെ മകന്‍ അജിത്ത് കുമാര്‍ പ്രണയത്തിലായിരുന്നു. ഇവര്‍ തമ്മില്‍ലുള്ള പ്രണയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജേഷ് പലതവണ അജിത്ത് കുമാറിന്റെ പിതാവിനോട് ഫോണ്‍വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച അജിത്ത്കുമാര്‍ രാജേഷിന്റെ പോതമേട്ടിലെ വീട്ടിലെത്തി സഹോദരിയെ ഇറക്കിക്കൊണ്ട് പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാത്രി പതിനൊന്നോടെ വെട്ടുകത്തിയുമായി രാജേഷ് അജിത്ത് കുമാറിന്റെ വീട്ടിലെത്തുകയും സഹോദരിയെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. സഹോദരിയും മകനും വീട്ടിലില്ലെന്ന് ആ സമയം വീട്ടിലുണ്ടായിരുന്ന അജിത്ത് കുമാറിന്റെ പിതാവ് സുന്ദരം പറഞ്ഞെങ്കിലും രാജേഷ് കൈയ്യില്‍ കരുതിയ വെട്ടുകത്തിയുപയോഗിച്ച് സുന്ദരത്തെ വെട്ടാന്‍ശ്രമിക്കുകയായിരുന്നു. ഇതിനിടെ രാജേഷിന്റെ കയ്യില്‍ നിന്നും വെട്ടുകത്തിപിടിച്ചെടുത്ത് സുന്ദരം രാജേഷിനെ വെട്ടുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജേഷ് തമിഴ്‌നാട്ടിലെ മധുര മെഡിക്കല്‍കോളേജ് ആശുപത്രിയിലും, സുന്ദരം തേനി ആശുപത്രിയിലും ചികില്‍സയിലാണ്. ഇരുവര്‍ക്കും തലയ്ക്കാണ് വെട്ടേറ്റത്. മൂന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 26ന് ലക്ഷ്മി എസ്‌റ്റേറ്റിലെ വിരിപാറയില്‍ വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലും വഴിവിട്ട ബന്ധമായിരുന്നു. വിവാഹിതയായ മിനി എന്ന യുവതി തുടര്‍ന്നു വന്നിരുന്ന രഹസ്യബന്ധം അറിയാനിടയായതു മൂലം കാമുകന്‍ ബിജുവിന്റെ സഹായത്തോടെ ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഓഗസ്റ്റ് എട്ടിന് പള്ളിവാസലിലെ രണ്ടാം മൈലില്‍ അവിഹിത ബന്ധങ്ങളുടെ പേരില്‍ യുവതിയെയും യുവതിയുടെ മാതാവിനെയും കാമുകന്‍ വെട്ടി കൊലപ്പെടുത്തിയിരുന്നു.