അപകടത്തില്‍ കാര്യവട്ടം ലക്ഷ്മി ഭായി ലെയ്ന്‍ ജ്യോതിസില്‍ ആശംസ് ജോയി, സൂര്യ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. 

തിരുവനന്തപുരം: അമിത വേഗത്തില്‍ വന്ന പോലീസ് ജീപ്പിടിച്ച് യുവാവിനും യുവതിക്കും ഗുരുതര പരിക്ക്. ചൊവ്വാഴ്ച്ച വൈകിട്ട് നാലെ മുക്കാലോടെ ശ്രീകാര്യം മോട്ടോര്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം. അപകടത്തില്‍ കാര്യവട്ടം ലക്ഷ്മി ഭായി ലെയ്ന്‍ ജ്യോതിസില്‍ ആശംസ് ജോയി, സൂര്യ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. 

ഗുരുതരമായി പരുക്കേറ്റ ആശംസ് ജോയി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന പോലീസ് ജീപ്പ് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ആശംസിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ എല്ലിന് പൊട്ടലേറ്റിട്ടുണ്ട്. ഇപ്പോഴും ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്. 

പോലീസ് ജീപ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അപകടത്തില്‍ പരിക്ക് പറ്റിയ ഇരുവരെയും മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ച ശേഷം മുങ്ങിയതായി ബന്ധുക്കള്‍ ആരോപിച്ചു. സമീപത്തെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വിയില്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ആശംസ് ബൈക്കില്‍ നിന്ന് പൊങ്ങി നിലത്ത് വീഴുന്നതും സൂര്യ സമീപത്തെ പോസ്റ്റില്‍ ഇടിച്ചു കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.