കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് ഒന്നാംപ്രതിയായ ആസിഫ്, സുഹൃത്ത് കൂടിയായ സബീലിനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവനടന്ന ദിവസം രാത്രി ഒന്‍പതോടെ പ്രതികള്‍ സബീലിനെ കാറില്‍ കയറ്റി പരിയാപുരം പള്ളിയ്ക്കുസമീപത്തെ വെട്ടുകല്ല് ക്വാറിയില്‍ കൊണ്ടുപോയി ഇരുമ്പുവടികൊണ്ട് കാലുകളുടെ മുട്ടിനുതാഴെയും ഇടതുകൈയിലും മര്‍ദിക്കുകയായിരുന്നു. 

തുടര്‍ന്ന് സബീലിനെ പ്രതികള്‍ ചേര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ടെറസില്‍ നിന്ന് വീണതാണെന്നുപറഞ്ഞാണ് സബീലിനെ സംഘം ആശുപത്രിയില്‍ എത്തിച്ചത്. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ സബീല്‍ വിവരം ആരോടും പറഞ്ഞില്ല. 

എന്നാല്‍ സബീലിന്റെ മൊഴിയില്‍ സംശയംതോന്നിയ വീട്ടുകാര്‍ കൂടുതല്‍ ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറത്ത് വന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.