മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആളുടെ ജോലി തെറിച്ചു
അബുദാബി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ മലയാളിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കമ്പനിയുടെ നയത്തിന് നിരക്കാത്ത പെരുമാറ്റ രീതിയുണ്ടായെന്ന് പറഞ്ഞാണ് അബുദാബിയിലെ ജോലിസ്ഥലത്തു നിന്നും കൃഷ്ണകുമാര്‍ നായരെ പറഞ്ഞുവിട്ടത്.
ഇന്നലെയാണ് ആര്‍എസ്എസുകാരനെന്ന് സ്വയം വിശേഷിപ്പിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞുകൊണ്ട് കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ജോലി ഉപേക്ഷിച്ച് പഴയ ആയുധങ്ങൾ വൃത്തിയാക്കി മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാവിലെ അബുദാബിയിലെ ജോലിസ്ഥലതെത്തിയ കൃഷ്ണകുമാര്‍ നായരെ കാത്തിരുന്നത് റിഗ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ നിന്ന് പിരിച്ചു വിട്ടതായി അറിയിച്ചുകൊണ്ടുള്ള കത്തായിരുന്നു.
കമ്പനിയുടെ നയത്തിന് നിരക്കാത്ത പെരുമാറ്റ രീതിയുണ്ടായെന്ന് പറഞ്ഞാണ് ഓയില്‍ കമ്പനിയില്‍ നിന്ന് ഇദ്ദേഹത്തെ പുറത്താക്കിയത്. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് കയറ്റിവിടും. മദ്യലഹരിയില്‍ ചെയ്തു പോയ തെറ്റാണെന്നും. ജോലി പോയതറിഞ്ഞ് ബിജെപി, ആര്‍എസ്എസ് നേതാക്കളെ വിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
താൻ ഇപ്പോഴും അടിയുറച്ച ആർഎസ്എസുകാരനാണെന്നും ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേയ്ക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും കൃഷ്ണകുമാർ പറയുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും അസഭ്യം പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് വീഡിയോ വിവാദമായപ്പോൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കം അത് വൈറലായി. ഇതേ തുടര്‍ന്ന് ക്ഷമാപണം നടത്തികൊണ്ട് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നെങ്കിലും കമ്പനി പിരിച്ചുവിടാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
