കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ ജീവന് വേണ്ടി മല്ലടിച്ചവരെ രക്ഷിക്കാന്‍ സഹായം തേടി ഒരാള്‍ കെെ കാണിച്ചിട്ടും നിരവധി വാഹനങ്ങളാണ് അത് കണ്ടില്ലെന്ന് നടിച്ച് പാഞ്ഞ് പോയത്

ഇടുക്കി: കേരളത്തെ മഹാപ്രളയം ഗ്രസിച്ചപ്പോള്‍ എല്ലാം മറന്ന് ഒന്നായി നിന്ന് നേരിടാന്‍ സംസ്ഥാനത്തിന് സാധിച്ചിരുന്നു. പരസ്പരം സഹായിക്കാനുള്ള കേരളത്തിന്‍റെ മനസ്, അന്ന് ലോകത്തിന്‍റെ മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങി. എന്നാല്‍, പ്രളയശേഷവും സഹായം ആവശ്യമുള്ളവരെ കണ്ടിട്ടും കാണാതെ പോകുന്ന പഴയ ശീലങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുകയാണ്.

കൊക്കയിലേക്ക് മറിഞ്ഞ കാറില്‍ ജീവന് വേണ്ടി മല്ലടിച്ചവരെ രക്ഷിക്കാന്‍ സഹായം തേടി ഒരാള്‍ കെെ കാണിച്ചിട്ടും നിരവധി വാഹനങ്ങളാണ് അത് കണ്ടില്ലെന്ന് നടിച്ച് പാഞ്ഞ് പോയത്. ഇന്ന് ഉച്ചയ്ക്ക് ഇടുക്കി-തൊടുപുഴ റൂട്ടിലുള്ള നാടുകാണി ചുരത്തിലാണ് സംഭവം. ഈ വഴിയെത്തിയ കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു.

ശബ്ദം കണ്ട് ഓടിയെത്തിയത് സോമന്‍ എന്നയാളാണ്. കൊക്കയിലേക്ക് മറിഞ്ഞ കാര്‍ താഴേക്ക് വീഴാതെ തട്ടി നില്‍ക്കുകയായിരുന്നു. തനിക്ക് തനിച്ച് ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സോമന്‍ മുകളിലെ റോഡിലെത്തി പല വാഹനങ്ങള്‍ക്കും കെെ കാണിച്ചു. എന്നാല്‍, ആരും നിര്‍ത്താതെ പോയി.

അവസാനം ഗ്യാസ് കുറ്റികളുമായി വന്ന ലോറി സോമൻ മുന്നില്‍ കയറി നിന്ന് തടയുകയായിരുന്നു. പിന്നാലെയെത്തിയ ഇടുക്കിയിലെ എക്സെെസിന്‍റെ സ്പെഷ്യല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥരും വണ്ടി നിര്‍ത്തി. തുടര്‍ന്ന് ഇവരെല്ലാം ചേര്‍ന്ന് കാറിനെ മരത്തില്‍ കെട്ടിയിട്ട ശേഷം അതിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചു.

ഈ സംഭവങ്ങള്‍ വിശദീകരിച്ച് മനോജ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. നാളെ ഇങ്ങനെ ഒരു അപകടം ആര്‍ക്കും സംഭവിക്കാമെന്ന ഓര്‍മപ്പെടുത്തല്‍ സഹായിക്കാന്‍ നില്‍ക്കാതെ കടന്ന് പോയവര്‍ക്ക് നല്‍കിയാണ് മനോജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.