ഫേസ്ബുക്കില്‍ ഫോട്ടോ ഷെയര്‍ ചെയ്യാനോ, എപ്പോഴെങ്കിലും ഫോട്ടോ പോസ്റ്റ് ചെയ്യുകയോ ചെയ്യുകയാണെങ്കില്‍ മര്‍ദ്ദിക്കുന്ന ഭര്‍ത്താവിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? എന്നാല്‍ അങ്ങനെയൊരു സംഭവമാണ് ഉറുഗ്വേ സ്വദേശിയായ അഡോള്‍ഫിന കാമെലി ഓര്‍ട്ടിഗോസാ എന്ന 21 കാരി നേരിട്ടിരിക്കുന്നത്. ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കും ലഭിക്കുന്ന ലൈക്കിനും കമന്‍റിനും ഭര്‍ത്താവ് മര്‍ദ്ദിക്കുമെന്ന് അഡോള്‍ഫിന പറയുന്നു.
![]()
അഡോള്‍ഫിനയാണ് ഫേസ്ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ഭര്‍ത്താവ് പാസ്‌വേഡ് കൈക്കലാക്കുകയും ഇയാള്‍ അക്കൗണ്ട് ഉപയോഗിക്കാനും തുടങ്ങി. തുടര്‍ന്ന് ഇയാളാണ് അഡോള്‍ഫിനയുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇടുന്നത്. ഇതിന് ലൈക്കോ കമന്‍റോ കിട്ടിയാലും അവരെ മര്‍ദ്ദിച്ച് അവശയാക്കും.
ഭര്‍ത്താവിന്റെ മര്‍ദ്ദനം മൂലം വികൃതമായ തന്റെ മുഖം പഴയതുപോലെയാക്കാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ ഒരുങ്ങുകയാണ് അഡോള്‍ഫിന ഇപ്പോള്‍.ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ഫോട്ടോയ്ക്ക് ആരെങ്കിലും ലൈക്ക് ചെയ്താല്‍ ഭര്‍ത്താവ് പെഡ്രോ ഹെര്‍ബിറ്റോ ഉടന്‍ അക്രമാസക്തനാകുമെന്നും നിര്‍ത്താതെ തന്നെ ഇടിക്കുമെന്നും അഡോള്‍ഫിന പറയുന്നു.
മകന്‍റെ മര്‍ദ്ദനത്തില്‍ അഡോള്‍ഫിന മരിച്ചു പോകും എന്ന ഭയത്താല്‍ പെഡ്രോവിന്‍റെ പിതാവാണ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആരും കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലാണ് മരുമകള്‍ ഇപ്പോള്‍ ഉള്ളതെന്നും പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സുഹൃത്തുകളുമായും മറ്റും അഡോള്‍ഫിന നല്ല ബന്ധം പുലര്‍ത്തുന്നതിനാലാണ് ഭര്‍ത്താവ് അവരെ മര്‍ദ്ദിക്കുന്നത്. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ കവിളുകളും, ചുണ്ടുകളും എല്ലാം വീര്‍ത്ത വികൃതമായ അവസ്ഥയിലാണ് അഡോള്‍ഫിന ഉള്ളത്. മര്‍ദ്ദനത്തില്‍ പല്ല് നഷ്ടമാകാതിരിക്കാന്‍ അഡോള്‍ഫിന വായില്‍ തുണി തിരുകുകയാണ് ചെയ്യുന്നതെന്ന് അവരുടെ സുഹൃത്തുക്കള്‍ പറയുന്നു.
