അച്ഛനെ വലിച്ചിഴക്കരുത്, വിമര്‍ശിക്കുന്നവരുടെ കാര്യം പറയാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാകും: പദ്മജ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച കെ മുരളധരനെതിരെ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മുരളീധരനും കെ കരുണാകരനും വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചത്.

അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ ആര്‍ക്കും നന്നാക്കാന്‍ കഴിയില്ലെന്നായിരുന്നു ജോസഫ് വാഴക്കന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചത്. ഇതില്‍ ചാനല്‍ ചര്‍ച്ചകളിലടക്കം വാദപ്രതിവാദങ്ങളും നടന്നു. ഇതിന്‍റെ ബാക്കിപത്രമായാണ് മുരളിധരനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ സഹോദരി പദ്മജ വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുന്നത്.

വീടായാല്‍ ഇണക്കവും പിണക്കവും കാണുമെന്നും അത് ഞങ്ങളുടെ വീടായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടുവെന്നതു മാത്രമാണെന്നും പദ്മജ ഫേസ്ബുക്ക് കുറിപ്പില്‍ കുറിക്കുന്നു. വിമര്‍ശിക്കുന്നവരുടെ ചരിത്രം പരിശോധിച്ചാല്‍ ഇതിലും മോശമാകുമെന്നും ഇത്തരം കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കരുതെന്നും പദ്മജ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

പദ്മജയുടെ കുറിപ്പ്

രണ്ടു ദിവസമായി ചാനൽ ചർച്ചകളിൽ മുരളിയേട്ടനെ പറ്റി പലരും വിമർശിച്ചു കണ്ടു .അതിനുള്ള മറുപടി അല്ല ഇത് .പക്ഷെ മരിച്ചു പോയ ഞങ്ങളുടെ അച്ഛനെ ഇതിൽ വലിച്ചു ഇഴക്കേണ്ട കാര്യം ഇല്ല.ഒരു വീടാകുമ്പോൾ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും.ഞങ്ങളുടെ വീടായതു കൊണ്ട് അതിനു കൂടുതൽ ശ്രദ്ധ കിട്ടി എന്ന് മാത്രം.ഒരു കാര്യം ഞാൻ പറയാം.ഈ പറയുന്ന ആളുകളുടെ ചരിത്രം പലതും ഞങ്ങൾ പറയാൻ തുടങ്ങിയാൽ അത് അവർക്കു ബുദ്ധിമുട്ടാകും.ദയവു ചെയ്തു അത് പറയിപ്പിക്കരുത്.എന്തായാലും ഈ ആളുകൾ വേദനിപ്പിച്ചതിന്ടെ പകുതി മുരളിയേട്ടൻ അച്ഛനെ വേദനിപ്പിച്ചിട്ടില്ല.ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ? ഇനി മകനെ വെറുതെ വിട്ടു കൂടെ?

ജോസഫ് വാഴക്കന്‍റെ കുറിപ്പ്

"നത്തോലി ഒരു ചെറിയ മീനല്ല"

"ചൊറിച്ചിൽ ഒരു ചെറിയ രോഗമല്ല"

എന്ത് ചെയ്യാം !!!

ചിലരുടെ ശീലങ്ങൾ നമുക്ക് മാറ്റാനാവില്ല.രാഷ്ട്രീയത്തിൽ നേതൃത്വത്തിലിരിക്കുന്നവർ ഉള്ളിലെന്താണെങ്കിലും സംസാരിക്കുമ്പോൾ പരസ്പരം ബഹുമാനം പുലർത്താറുണ്ട്. പക്ഷെ നമ്മുടെ ഒരു നേതാവ് സംസാരിക്കുമ്പോൾ ആർക്കിട്ടെങ്കിലും ചൊറിയണം എന്ന് നിർബന്ധമുള്ളയാളാണ്. പല തവണ ഈ പ്രവണത ശെരിയല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ നന്നാവില്ല. സ്വന്തം അച്ഛനെ ചൊറിഞ്ഞിട്ടുള്ള ആളെ നമ്മൾ നന്നാക്കണമെന്ന് വിചാരിച്ചാൽ നടക്കുമോ ? ഇത്തവണ ബൂത്തിലെ റിസൽട്ടായിരുന്നു വിഷയം.തന്റെ ബൂത്ത്‌ ഭദ്രമാണെന്നാണ് ചൊറിച്ചലിന്റെ ഭാഗമായി അവകാശപ്പെട്ടത്.കേരളത്തിൽ ഒരുപാട് സ്ഥലത്ത് മത്സരിച്ചത് കൊണ്ട് അദ്ധേഹത്തിന്റെ ബൂത്ത്‌ ഏതാണെന്ന് ആർക്കും നിശ്ചയമില്ല.നമുക്കറിയാവുന്ന ബൂത്തിലൊക്കെ പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ കൂലിയെഴുത്തുകാരെ വച്ച് പാർട്ടിയെയും നേതാക്കളെയും ചെളി വാരിയെറിയുന്ന പണി നിർത്തണം