ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ ഉറപ്പു നല്‍കിയ 149 ഇന്ത്യന്‍ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. പിണറായിയുടെ ഇടപെടലിനെ പ്രകീര്‍ത്തനങ്ങള്‍ അന്ധമായപ്പോള്‍ പണികിട്ടിയത് സി.പി.എം മുതിര്‍ന്ന നേതാവ് പി. രാജീവ് അടക്കം നിരവധി പേര്‍ക്ക്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ പ്രകീര്‍ത്തിക്കാന്‍ ഉപയോഗിച്ച ഫോട്ടോയാണ് സി.പി.എം നേതാക്കളില്‍ പലരെയും ചതിച്ചത്. ഷാര്‍ജയില്‍ നിന്ന് എത്തിയ ഒരു ചെറുപ്പക്കാരനെ തമാശയാക്കാന്‍ സുഹൃത്തുക്കള്‍ ചെയ്ത പണിയില്‍ നിരവധി സി.പി.എം പ്രവര്‍ത്തകരാണ് കുടുങ്ങിയത്.
ഷാര്‍ജയില്‍ മോചിപ്പിക്കപ്പെട്ട 149 പേരില്‍ താനും ഒരാളാണെന്നും പിണറായിക്കും ഷാര്‍ജ ഷെയ്ക്കിനും അഭിവാദ്യങ്ങള്‍ എന്നും എഴുതിയ പെട്ടികളുമായി എത്തിയ ചെറുപ്പക്കാരന്‍ വരുന്ന ചിത്രമായിരുന്നു രാജീവിനെ അടക്കം വെട്ടിലാക്കിയത്. കോമ്രേഡ്, ഡി.വൈ.എഫ്.ഐ എന്നും, ലാല്‍സലാം എന്നിങ്ങനെ എഴുതിയ വലിയ രണ്ട് പെട്ടികളുമായി ചെറുപ്പക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ചിത്രമായിരുന്നു ഇത്.
സുഹൃത്തുക്കള്‍ കുസൃതിക്ക് ചെയ്ത സംഭവം നിരവധിപേര്‍ ഷെയര്‍ ചെയ്തു. ഇക്കൂട്ടത്തില്‍ സി.പി.എം മുതിര്‍ന്ന നേതാവ് പി. രാജീവും ഉണ്ടായിരുന്നു. അടിക്കുറിപ്പ് ആവശ്യമില്ലാത്ത ചിത്രം എന്ന തലക്കെട്ടോടെയായിരുന്നു പി പാജീവ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം അബദ്ധം മനസിലായ രാജീവ് പോസ്റ്റ് പിന്‍വലിച്ച് മറ്റൊരു പോസ്റ്റിടുകയും ചെയ്തു.
അതേസമയം തന്നെ വി.ടി. ബല്‍റാം പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സ്‌ക്രീഷോട്ടിനൊപ്പമുള്ള കുറിപ്പിങ്ങനെ...
CPM ജില്ലാ സെക്രട്ടറിയും മുന്‍ എംപിയും പ്രമുഖ ബുദ്ധിജീവിയുമായ ഒരാളുടെ പോസ്റ്റ് കളഞ്ഞുകിട്ടിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ളവര്‍ അദ്ദേഹത്തെ തിരിച്ചേല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കേരള സന്ദര്‍ശനം കഴിഞ്ഞ് ഷാര്‍ജ ഷേയ്ക്ക് തിരിച്ച് നാട്ടില്‍ വിമാനമിറങ്ങുന്നതിന് മുന്‍പേ ജയിലില്‍ കിടക്കുന്ന 149 പേരെയും മോചിപ്പിച്ചുവെന്നും അതിലൊരാള്‍ ഇത്രയും വലിയ ലഗേജുമായി അതില്‍ പിണറായി സ്തുതിഗീതങ്ങളുമെഴുതി ഇങ്ങോട്ടേക്ക് യാത്രതിരിച്ചുവെന്നും വിശ്വസിച്ചുപോയ അദ്ദേഹത്തിന്റെ നിഷ്‌ക്കളങ്കതയെ ഞാന്‍ മാനിക്കുന്നു. സംഘികളേക്കാള്‍ വലിയ തള്ള് വീരന്മാരാണ് തന്റെ അനുയായികളായ സൈബര്‍ സഖാക്കള്‍ എന്ന് തിരിച്ചറിയാന്‍ ഇതുപോലുള്ള അവസരങ്ങള്‍ അദ്ദേഹത്തിന് പ്രയോജനപ്പെടട്ടെ.
'ബാലരമ' വായിക്കുന്നവരേക്കാള്‍ എത്രയോ ചിന്താശേഷിയുള്ളവരാണ് 'ചിന്ത' വായിക്കുന്നവര്‍ എന്നാണ് ഇതില്‍നിന്ന് മനസ്സിലാവുന്നത്.
ഇത്തരത്തില്‍ നിരവധി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. വാസ്തവം അറിയാത്ത നിരവധി പേര്‍ ഇപ്പോഴും ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
പി. രാജീവിന്റെ പുതിയ പോസ്റ്റ്
ഷാര്‍ജ ജയിലില്‍ ക്രിമിനല്‍ കുറ്റമല്ലാത്ത കേസുകളില്‍ തടവുശിക്ഷ അനുഭവിച്ചിരുന്ന 3 വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരെ മോചിതരാക്കുന്നതിനു മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍
കേരള സന്ദര്‍ശനം നടത്തിയ ഷാര്‍ജ ഭരണാധികാരി ഡോ: ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമിയോട്
അഭ്യര്‍ത്ഥിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് 149 തടവുകാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടം തീരുമാനിച്ചു.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വിധം പ്രവാസി അനുകൂല ഇടപെടലുകളും നിലപാടുകളും സ്വീകരിച്ച സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രവാസി സമൂഹത്തിനിടയില്‍ വലിയ സ്വീകാര്യതയുണ്ടായി.
അതിന്റെയൊക്കെ പ്രതിഫലനമാണ് വിദേശത്ത് നിന്നും ലീവിനു വരുന്ന ചെറുപ്പക്കാരന്‍ തന്റെ ബാഗേജില്‍ പിണറായി സര്‍ക്കാരിനെ അനുമോദിച്ചു കൊണ്ട് പോസ്റ്റര്‍ പതിച്ചത്. ജയില്‍ മോചിതരായ 149 പേരില്‍ ഒരാളാണെന്ന് അതെന്ന് ചിലര്‍ തെറ്റിദ്ധരിക്കുകയും ആ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ആകെ പ്രചരിക്കുകയും ചെയ്തു. ഒരു യോഗത്തിനിടയില്‍ ഈ ചിത്രം ശ്രദ്ധയില്‍ പെട്ട ഞാന്‍ എന്റെ ഫേസ്ബുക്കില്‍ അത് പോസ്റ്റ് ചെയ്യുകയും ഉണ്ടായി.
ആ ചിത്രം തെറ്റിദ്ധാരണാജനകം ആന്നെന്ന് ചില സുഹൃത്തുക്കള്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുകയും ചെയ്തു.
സമാനതകള്‍ ഇല്ലാത്ത ഇടപെടല്‍ നടത്തിയ സര്‍ക്കാരിനു പ്രവാസി സമൂഹത്തിനിടയില്‍ ഉണ്ടായ സ്വീകര്യതയെ അടയാളപ്പെടുത്തുന്നതാണ് ആ യുവാവിന്റെ കുസൃതി ചിത്രം.
