ദില്ലി: ദില്ലിയിലെ മലിനീകരണത്തിന് ആക്കംകൂട്ടിയിരിക്കുകയാണ് മാലിന്യത്താല്‍ പതഞ്ഞുപൊങ്ങിയിരിക്കുന്ന യമുനാനദി. ഛഠ് പൂജയോട് അനുബന്ധിച്ച് യമുനാനദിയില്‍ പ്രാര്‍ത്ഥനകള്‍ക്കും സ്‌നാനത്തിനുമായി ഈ പ്രതികൂല കാലാവസ്ഥയിലും നിരവധി പേരെത്തി. രാസപദാര്‍ത്ഥങ്ങള്‍ നിറഞ്ഞ് മഞ്ഞുപോലെ പതഞ്ഞ് മൂടിക്കിടക്കിടക്കുന്ന യമുനയിലെ ചിത്രങ്ങള്‍ ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നു. എന്നാല്‍ ഇവയില്‍ ചില ചിത്രങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. 

ഈ ചിത്രങ്ങളെല്ലാം സത്യമോ...പരിശോധിക്കാം

യമുനയിലെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിച്ച പല ഫോട്ടോകളും മൂന്ന് വര്‍ഷം മുന്‍പത്തേയാണ്. ഫേസ്‌ബുക്കിലും ട്വിറ്ററിലുമുള്‍പ്പെടെ പഴയ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദേശീയ മാധ്യമങ്ങള്‍ക്കുള്‍പ്പെടെ ഇവകണ്ട് അബദ്ധം പറ്റി. ഒരു സ്‌ത്രീയുടേതായി പ്രചരിച്ച ചിത്രമാണ് ഒരു ഉദാഹരണം. ഈ ചിത്രം ഷെയര്‍ ചെയ്തത് നിരവധി പേര്‍. 

സ്‌ത്രീയുടേത് ഉള്‍പ്പെടെ ഇപ്പോള്‍ ഷെയര്‍ ചെയ്യപ്പെടുന്ന പല ചിത്രങ്ങളും 2016ല്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് ഫോട്ടോഗ്രാഫര്‍ അഭിനവ് സാഹ പകര്‍ത്തിയതാണ്. അന്നത്തെ ഛഠ് പൂജയുടെ ചിത്രങ്ങള്‍ തന്നെയാണ് അവ. ആ ചിത്രങ്ങള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിന്‍റെ വെബ്‌സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്. 

വസ്‌തുതാനിരീക്ഷണ വെബ്‌സൈറ്റായ ബൂംലൈവാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നിലെ വസ്‌തുത പുറത്തുകൊണ്ടുവന്നത്. എന്നാല്‍ യമുനയില്‍ നിന്ന് ഈയടുത്ത ദിവസങ്ങളില്‍ പകര്‍ത്തിയ ചിത്രങ്ങളും ഷെയര്‍ ചെയ്യപ്പെട്ടവയിലുണ്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സ് പകര്‍ത്തിയ ചിത്രം തന്നെ ഉദാഹരണം. 

ദില്ലിയിലെ വായു മലിനീകരണം വലിയ ചര്‍ച്ചയായിരിക്കേയാണ് ഈ ചിത്രങ്ങളെല്ലാം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. വായുമലിനീകരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും മോശം നിലയിലായതിനെ തുടര്‍ന്ന് ദില്ലിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി ശാന്തമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് 241 ആണ് ബുധനാഴ്‌ച രേഖപ്പെടുത്തിയിരിക്കുന്ന കണക്ക്. കഴിഞ്ഞ ഞായറാഴ്‌ച 494 ആയിരുന്നു മലിനീകരണ തോത്.