ലളിതയുടെ മകന്‍ വിഴിഞ്ഞത്ത് കക്കവാരല്‍ തൊഴിലാളിയായിരുന്നു. പദ്ധതി വന്നതോടെ വീടുപേക്ഷിച്ച് കിലോമീറ്ററുകള്‍ക്കപ്പുറം കോട്ടുകാലിലെ പുന്നവിളയിലാണ് ഇപ്പോള്‍ താമസം. മകന്‍ ശ്രീകുമാര്‍ ഇപ്പോള്‍ കെട്ടിട നിര്‍മ്മാണ സഹായിയായുളള ജോലിക്ക് പോകുന്നു. തൊഴില്‍ പോയ ഈ കുടുംബത്തിന് ഒരാനുകൂല്യവും ഇതുവരെ കിട്ടിയില്ല. ഒന്നും കിട്ടാത്ത ഇതുപോലെയുളള നിരവധി കുടുംബങ്ങളുണ്ട് വിഴിഞ്ഞത്ത്. 

വന്‍കിട വികസന പദ്ധതികള്‍ വന്നതില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായെങ്കിലും മാന്യമായ നഷ്ടപരിഹാരം കിട്ടിയ വിഴിഞ്ഞത്ത് നിന്നുള്ള കാഴ്ചകളാണിത്. എന്നാല്‍ കൊച്ചിയിലെ വല്ലാര്‍പാടം പദ്ധതിയാണ് മല്‍സ്യത്തൊഴിലാളികളെ കടുത്ത ദുരിതത്തിലാക്കിയത്. 

327 ഊന്നിവലയുടെ കുറ്റികളും മൂന്ന് ചീനവലകളും 20 ചെമ്മീന്‍ കെട്ടുകളും ഇല്ലാതായി. ചെറിയ വള്ളങ്ങളില്‍ പോയി മീന്‍പിടിച്ച് ജീവിച്ചിരുന്ന 90 വള്ളങ്ങള്‍ക്ക് പണയില്ലാതായി. അങ്ങനെ 500 ലധികം കുടുംബങ്ങളെ നേരിട്ട് ബാധിച്ചിട്ടും ഒരു രൂപ പോലും ഇതുവരെ നഷ്ടപരിഹാരം നല്‍കിയില്ല. ഇവര്‍ക്ക് നഷ്ടംപരിഹാരമായി 10 കോടി രൂപയിലേറെ വേണമെന്നിരിക്കെ 97 ലക്ഷം രൂപ ഏഴു വര്‍ഷം മുമ്പ് കൊടുക്കാന്‍ തീരുമാനമായി. പക്ഷേ ഇവരിലാര്‍ക്കും ഒരു രൂപ പോലും ഇതുവരെ കിട്ടിയില്ല. 

വിഴിഞ്ഞവും വല്ലാര്‍പാടവും എല്‍എൻജി ടെര്‍മിനലുമെല്ലാം കേരളത്തിന്‍റെ പ്രതീക്ഷകളായി വളരുമ്പോഴും അവിടെ പണിയെടുത്ത് ജീവിച്ച മല്‍സ്യത്തൊഴിലാളികളുടെ കാര്യമാണ് കഷ്ടം.