ബംഗളുരു: കള്ളപ്പണവും കള്ളനോട്ടും തടയാനായി, 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് പുതിയതായി പുറത്തിറക്കിയ 2000 രൂപാ നോട്ടിന്റെയും വ്യാജന്‍ ഇറങ്ങി. കര്‍ണാടകയിലാണ് പുതിയ 2000 രൂപ നോട്ടിന്റെയും വ്യാജന്‍ പ്രചരിച്ചത്. ഏഷ്യാനെറ്റ് ന്യൂസബിള്‍ വെബ് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. ചിക്കമംഗളൂരിലെ കാര്‍ഷിക വിപണിയിലാണ് 2000 രൂപാ നോട്ടിന്റെ വ്യാജന്‍ ആദ്യം പുറത്തിറങ്ങിയത്. പുതിയ നോട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് ഈ നോട്ടെന്നാണ് ആധികൃതര്‍ പറയുന്നത്. പഴയ നോട്ട് മാറാന്‍ നടക്കുന്നവരെയാണ് തട്ടിപ്പുകാര്‍ വലയിലാക്കിയത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് വാങ്ങിയാണ് ഈ 2000 രൂപയുടെ വ്യാജന്‍ നല്‍കിയതെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പുതിയ നോട്ടുമായി ജനങ്ങള്‍ പരിചയിച്ചുതുടങ്ങിയിട്ടില്ല. ഈ അവസരം മുതലെടുത്താണ് 2000 രൂപയുടെ കളര്‍ ഫോട്ടോകോപ്പി നല്‍കി തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. അതേസമയം 2000 രൂപയുടെ വ്യാജന്‍ തിരിച്ചറിയാന്‍ എളുപ്പമാണെന്നും, ജനങ്ങള്‍ വഞ്ചിതരാകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിക്കമംഗളൂര്‍ അശോക് നഗര്‍ പൊലീസ് ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്.