തൃശൂര്‍: ബാലവകാശ കമ്മിഷന്റെ വ്യാജ സീലുണ്ടാക്കി സംസ്ഥാന സ്കൂൾ കലോൽസവത്തിൽ യോഗ്യത നേടാൻ ശ്രമിച്ച കേസിൽ കസ്റ്റഡിയിൽ ഉള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കലാധ്യാപകരായ ത്യശൂർ ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരയുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.

വ്യാജരേഖ ചമക്കൾ അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ കുറേ വർഷമായി വ്യാജ അപ്പീലുകൾ തരപ്പെടുത്തുന്ന റാക്കറ്റാണ് ഇതിന് പിന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കൂടി തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്തു. 

സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് അറിവില്ലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നാല്പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് അപ്പീലുകൾ നൽകിയതെന്ന് കസ്റ്റഡിയിൽ ഉള്ള പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.