മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനെന്ന പേരില്‍ സംസ്ഥാനത്ത് വന്‍ സാമ്പത്തിക തട്ടിപ്പിന് കളമൊരുങ്ങുന്നു. ആധാര്‍ നമ്പര്‍ പിന്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണവും തട്ടുന്നവരെ കുറിച്ച് ഇതിനകം നിരവധി പരാതികളാണ് കേരളാ പൊലീസിന് കിട്ടിയത്. മൊബൈല്‍ സേവനദാതാക്കളുടെ പേരിലുളള ഫോണ്‍വിളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് സൈബര്‍വിദഗ്ധരുടെ മുന്നറിയിപ്പ്.

മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറായി ബന്ധപ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പിന്റെ രീതി ഇങ്ങിനെയാണ്... മൊബൈല്‍ സേവനദാതാക്കളെന്ന പേരില്‍ ഫോണ്‍കോള്‍ എത്തും. ആദ്യം മൊബൈല്‍ കീ പാഡിലെ 1 അമര്‍ത്താന്‍ പറയും. പിന്നെ ആധാര്‍നമ്പര്‍ നല്‍കണം. തുടര്‍ന്നും പലപല നിര്‍ദ്ദേശങ്ങള്‍. ഒടുവില്‍ ഇന്‍ബോക്‌സിലെത്തുന്ന വണ്‍ ടൈം പാസ് വേഡ് കൈമാറാനും പറയും. ഇതോടെ, ആധാറുമായി ബന്ധപ്പെടുത്തിയിരിക്കുന്ന നമ്മുടെ ബാങ്ക് അക്കൗണ്ട് കാലിയാവും. കേരളത്തില്‍ ഇതുവരെ ഈരീതിയില്‍ തട്ടിപ്പിനിരയായിട്ടില്ലെങ്കിലും ഫോണ്‍കോളുകളുടെ പേരില്‍ നിരവധി പരാതികളാണ് പൊലീസിന് ദിവസവും കിട്ടുന്നത്.

സൈബര്‍ വിദഗ്ധരുടെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതായി കേരള പൊലീസിന്റെ സൈബര്‍ഡോം അറിയിച്ചു. അന്വേഷണത്തിലുപരി ഉപഭോക്താക്കള്‍ സ്വയം ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് ആവര്‍ത്തിക്കുന്നത്.