തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ തട്ടിപ്പിനിറങ്ങിയ രണ്ടുപേരെ പോലീസ് പിടികൂടി. കരുണ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ നോട്ടിസിറക്കി തട്ടിപ്പ് നടത്തിയ പട്ടുവത്തെ സി രമേശന്‍(52), പാന്തോട്ടത്തെ കെ ആര്‍ സുനില്‍ കുമാര്‍(59) എന്നിവരാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച കോള്‍മൊട്ടയില്‍ വച്ചായിരുന്നു സംഭവം. 

 ചാരിറ്റബിള്‍ ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കരുണ ചാരിറ്റബിയല്‍ ട്രസ്റ്റ് കോള്‍മൊട്ട എന്ന വിലാസത്തിലുള്ള ലഘുലേഖ വിതരണം ചെയ്തതാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണെന്നും ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗവും ദാരിദ്ര്യവും മൂലം വിഷമിക്കുന്നവരെ സഹായിക്കുന്നത് മനുഷ്യായുസിന്‍റെ പുണ്യമാണെന്ന് തുടങ്ങുന്നതാണ് കുറിപ്പില്‍ പറയുന്നത്. 

 ആദ്യമായാണ് പിരിവിനിറങ്ങുന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. 20, 50 രൂപയുടെ രസീതുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ട്രസ്റ്റിന്‍റെ പേരില്‍ പണപ്പിരിവ് നടത്തി സ്വന്തം ആവശ്യങ്ങള്‍ക്ക് എടുത്തുവെന്നതിനാണ് പോലീസ് നടപടി. അതേസമയം കരുണ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി പിസി റഷീദിന്‍റെ പരാതിയിലാണ് കേസ്.