ദില്ലി: നീരവ് മോദിയും മെഹുല്‍ ചോക്‌സിയും നടത്തിയിരുന്നത് തട്ടിപ്പ് കമ്പനികളെന്ന് ഗീതാഞ്ജലി ജ്വല്ലറി മുൻ എംഡി സന്തോഷ് ശ്രീവാസ്തവാ. പ്യൂൺ അടക്കമുള്ള സാധാരണ ജീവനക്കാരെ ഡയറക്ടർ ബോർഡിലുൾപ്പെടുത്തിയാണ് കമ്പനി രൂപീകരിച്ചത്. ഇവരാണ് ഇപ്പോൾ കേസുകളിൽ പ്രതികളായതെന്നും സന്തോഷ് ശ്രീവാസ്തവാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പി.എന്‍.ബി. വായ്പ തട്ടിപ്പുകേസില്‍ രണ്ട് എഫ്.ഐ.ആറുകളാണ് സി.ബി.ഐ. ഇതുവരെ രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ മെഹുല്‍ ചോക്‌സിയുടെയും നീരവ് മോദിയുടെയും കന്പനികളായ ഗീതാഞ്ജലി ജെംസ്, ഗിലി ഇന്ത്യ, നക്ഷത്ര ബ്രാന്‍ഡ്‌സ് ഉൾപ്പെടെയുള്ള കമ്പനികളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ 10 പേരെയും പ്രതിചേർത്തിട്ടുണ്ട്. കമ്പനിയിലെ പ്യൂണും , ക്ലർക്കും അടക്കമുള്ള സാധാരണ ജീവനക്കാരാണ് ഇവർ. സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇവർക്ക് അറിയില്ല. 

ഇവരെല്ലാം ഇപ്പോൾ ഒളിവിലാണ്. തട്ടിപ്പിൽ ബന്ധമില്ലാത്ത സാധാരണ ജീവനക്കാരാണ് കേസിൽ പ്രതികളാകുന്നതെന്നും , യഥാർത്ഥ കുറ്റവാളികൾ പലരും രക്ഷപ്പെടുകയാണെന്നും സന്തോഷ് ശ്രീവാസ്തവാ പറയുന്നു. പ്രതിപ്പട്ടികയിൽ പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന്‍ നായർ എന്ന മലയാളിയുമുണ്ട്. ഇയാൾ ഗിലി ഇന്ത്യ ലിമിറ്റഡിലെ ജീവനക്കാരനാണ്