ഡോക്ടറെന്ന വ്യാജേന പ്രവാസിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ ഇബിക്കെതിരെ കൂടുതല്‍ പരാതി. തിരുവനന്തപുരം സ്വദേശിയായ യുവാവില്‍ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇബിയെയും ഒപ്പം പിടിയിലായ മറ്റ് രണ്ട് പേരെയും കോടതി റിമാന്‍ഡ് ചെയ്തു.
പാരിപ്പള്ളി സ്വദേശിയായ 72 കാരനാണ് തട്ടിപ്പിന് ഇരയായത്. കൊട്ടിയം സ്വദേശി ഇബി, ഇബിയുടെ സഹായി കിളിമാനൂര്‍ സ്വദേശി വിദ്യ, വര്‍ക്കല സ്വദേശി വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്. ബ്യൂട്ടി ലേസര്‍ ചികിത്സ നടത്താന്‍ കെട്ടിടം വാടകക്ക് ആവശ്യപ്പെട്ടാണ് ഇബി പാരിപ്പള്ളി സ്വദേശിയായ 72കാരനെ സമീപിച്ചത്. വാടകക്കെടുത്ത ശേഷം ബിസിനസ് പങ്കാളിയാക്കി. 25 ലക്ഷം രൂപയുടെ ലേസര്‍ ട്രീറ്റ്മെന്‍റ് മെഷീന്‍ വാങ്ങാന്‍ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. എട്ട് ലക്ഷം രൂപ ഇയാള്‍ ഇബിക്ക് നല്‍കി. ഇതിനിടെ നഴ്‌സ് എന്ന് പരിചയപ്പെടുത്തിയ വിദ്യയും പണം കൈക്കലാക്കി. ബിസിനസ് ആവശ്യത്തിനായെന്നോണം സംഘം ഇയാള്‍ക്കൊപ്പം പല സ്ഥലങ്ങളിലും പോയി. ഇതിനിടെ എടുത്ത ഫോട്ടോകള്‍ പരാതിക്കാരന് വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും സമുഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് കുടുംബം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഇയാള്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ഇതിനിടെ 10 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നതായി പരാതിയില്‍ പറയുന്നു. തിരുവനന്തപുരം , കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ഇബിക്കെതിരെ കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണക്കേസില്‍ ഇതിന് മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ കോടികളുടെ ആസ്തിയാണ് ഇബി സ്വന്തമാക്കിയിട്ടുള്ളത്. 75 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടിലാണ് താമസം. ഫിസിയോ തെറാപ്പി കോഴ്‌സ് പഠിച്ച ഇബി ജയിലില്‍ വച്ചാണ് വിദ്യയെ പരിചയപ്പെടുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
