തൊടുപുഴ: അനധികൃത മരുന്നു വില്‍പ്പനയിലൂടെ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത വ്യാജ ഡോക്ടറും സംഘവും ഇടുക്കിയിലെ നെടുങ്കണ്ടത്ത് പിടിയിലായി. ഇന്ത്യന്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ എന്ന സംഘടനയുടെ പേരില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് വ്യാജഡോക്ടര്‍ അനധികൃത ചികിത്തസയും തട്ടിപ്പും നടത്തിയിരുന്നത്.

കടുത്തുരുത്തി സ്വദേശി ആയംകുട്ടി പുളിഞ്ചുവട്ടില്‍ ടോമി കുര്യനെയാണ് മതിയായ രേഖകളില്ലാതെ ചികിത്സ നടത്തിയതിന് നെടുങ്കണ്ടം പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുത്ത കടുത്തുരുത്തി സ്വദേശികളായ തൈക്കൂട്ടില്‍ ടി.എ. ജോര്‍ജ്ജ്, കപിക്കാട്ട് പാറേത്താഴത്ത് സുമിത്, രാമക്കല്‍ മേട് സ്വദേശി വരിക്കയില്‍ ടോമി, മുണ്ടിയെരുമ സ്വദേശി ശ്യാം സുന്ദര പ്രസാദ് എന്നിവരും പിടിയിലായി.

മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകരെന്ന പേരിലാണ് വിവധ സ്ഥലങ്ങളില്‍ ഇവര്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത്. ടോമി കുര്യനാണ് ഡോക്ടറായി എത്തിയിരുന്നത്. ആശുപത്രികളില്‍ 5000 രൂപയിലധികമാകുന്ന പരിശോധനകള്‍ 300 രൂപക്കു ചെയ്തു നല്‍കുമെന്നു പറഞ്ഞാണ് ആളുകളെ ആകര്‍ഷിക്കുന്നത്. നെടുങ്കണ്ടം മേഖലയില്‍ മൂന്നു ക്യാമ്പുകള്‍ ഇവര്‍ നടത്തി. രോഗികളെ ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ച ശേഷം ചികിത്സ നിശ്ചയിക്കും. 

3000 മുതല്‍ 10,000 രൂപ വരെ ഈടാക്കിയാണ് മരുന്നുകള്‍ നല്‍കിയിരുന്നത്. ഇത്തരത്തിലുള്ള പതിനായിരക്കണക്കിനു രൂപയുടെ മരുന്നുകളും കസ്റ്റഡിയിലെടുത്തു. വിവിധ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തു. ഇവര്‍ പിടിയിലായതറിഞ്ഞ് നിരവധി പേര്‍ പരാതികളുമായി എത്തുന്നുണ്ട്. സംസ്ഥാനത്ത് മറ്റു സ്ഥലങ്ങളിലും ടോമി കുര്യന്‍ സമാനമായ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.