പാലക്കാട്: വിപണിയിലെത്തുന്ന കുടിവെള്ളത്തിൽ ഏറെയും വ്യാജ കമ്പനികളുടേത് . ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് പല പ്രമുഖ ബ്രാൻഡുകളുടെയും പേരിൽ വില്‍ക്കുന്ന വ്യാജ കുടിവെള്ളമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പാലക്കാട് ജില്ലയിൽ അനുമതിയില്ലാത്ത ഇത്തരം ഇരുപതിലേറെ കമ്പനികൾ പ്രവര്‍ത്തിക്കുന്നതായും മഞ്ഞപ്പിത്തം മുതൽ കിഡ്നി രോഗങ്ങൾക്ക് വരെ കാരണമാകുന്നത്ര മലിനമായ വെള്ളമാണ് ഇവർ വിൽക്കുന്നതെന്നുമാണ് തെളിഞ്ഞിരിക്കുന്നത്. കുപ്പിവെള്ളത്തിൽ മാരകമായ അളവിൽ കാൽസ്യവും ക്ലോറൈഡും കോളിഫാം ബാക്ടീരിയയും അടങ്ങിയതായാണ് തെളിഞ്ഞത് .

പാലക്കാട് ജില്ലയിൽ ലൈസൻസോടെ പ്രവർത്തിക്കുന്നത് 14 കുപ്പിവെള്ള കമ്പനികൾ മാത്രം. എന്നാല്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് 20 ലേറെ കമ്പനികള്‍. പട്ടാമ്പി നഗരസഭയിൽ ഒരു വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കുപ്പിവെള്ള കമ്പനിയില്‍ ഒരു ബോർഡോ, കമ്പനിയുടെ പേരോ, എന്തിന് ലൈസൻസ് നമ്പറോ ഒന്നും ഇവിടെ കാണാനില്ല. കാർഷെഡ്ഡിൽ ഉണക്കാനിട്ട തുണികൾക്ക് താഴെ നിരത്തി വച്ചിരിക്കുന്ന ഈ ബാരലുകളിൽ ഏതും എടുക്കാം. ഏതു കമ്പനിയുടെ ബാരലുകളിലും വെള്ളം റെഡി.

കുപ്പിവെള്ള കമ്പനികൾക്ക് വെള്ളത്തിന്‍റെ ഗുണ നിലവാരം പരിശോധിക്കാൻ സ്വന്തം ലാബും പരിശോധകരും വേണമെന്നാണ് നിയമം. ഇത്തരം കമ്പനികളിൽ ഇതൊന്നുമില്ല. ചെർപ്പുളശ്ശേരിയിലെ മറ്റൊരു കമ്പനി കാണുക. ഇവിടെയുള്ളത് ഒരൊറ്റ ഹാൾ. മിനറൽ വാട്ടർ വേണമെന്ന് ആവശ്യപ്പെട്ട ഞങ്ങൾക്ക് ഹാളിന്‍റെ മൂലയിലുള്ള പൈപ്പിൽ നിന്ന് വെള്ളം നിറച്ചു തന്നു.

ഇനി പാലക്കാട്ടെ ‌ മറ്റൊരു കേന്ദ്രം കാണുക. ഇവിടെ വിവാഹാവശ്യത്തിനുള്ള വലിയ ഓർഡറുകളും സ്വീകരിക്കും. ചെറിയ കുപ്പികളിലും വെള്ളം റെഡി. ഇവിടങ്ങളിൽ നിന്ന് ശേഖരിച്ച കുടിവെള്ളത്തിന്‍റെ സാമ്പിളുകൾ ഞങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതായിരുന്നു. മാരകമായ അളവിൽ കാൽസ്യവും, ക്ലോറൈഡും, ക്വാളിഫാം ബാക്ടീരിയയും,ഈ വെള്ളം മലിനമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കും കിഡ്നി രോഗങ്ങൾക്കും സാധ്യത ഏറെ.

വർഷങ്ങളെടുത്തു ബിഐഎസ്സിന്‍റഎയും ഐഎസ്ഐയുടെയും അനുമതി വാങ്ങി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍റെയും, മലിനീകരണ നിയന്ത്രണബോർഡിന്‍റെയും സർട്ടിഫിക്കറ്റോടെ വേണം കമ്പനികൾ പ്രവർത്തിക്കാൻ. വർഷാ വർഷം പരിശോധനകൾ വേറെ. ഇതൊന്നും ഇല്ലെന്ന് മാത്രമല്ല, പഞ്ചായത്ത് അനുമതി പോലുമില്ലാതെയാണ് ഇത്തരം തട്ടിപ്പ് കമ്പനികൾ പ്രവർത്തിക്കുന്നത്. പലതിനും ലൈസൻസില്ലെന്നും വിതരണം ചെയ്യുന്നത് ആളുകളെ രോഗികളാക്കുന്ന വെള്ളമെന്നറിഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല.

ചട്ടങ്ങൾ പാലിച്ച് നല്ല രീതിയിൽ നടത്തുന്ന കമ്പനികളുടെ ലേബലൊട്ടിച്ച ബോട്ടിലുകളിലാണ് ഇവരുടെ വെള്ളം വില്പന. കൂടിയ കമ്മീഷനിൽ വെള്ളം നിറച്ചു കിട്ടുന്നതാണ് വിതരണക്കാർ ഇവരെ സമീപിക്കാൻ കാരണം. നിയമനടപടികളുണ്ടായാലും പിടി ഒറിജിനൽ കമ്പനികളുടെ ഉടമകൾക്ക്. സോഡാ നിർമാണ ലൈസൻസിന്‍റെ മറവിലാണ് ചില കമ്പനികളുടെ പ്രവർത്തനം. പാലക്കാട് ജില്ലയിൽ മാത്രം ഇത്തരം 20 ലേറെ അനധികൃത കുപ്പിവെള്ള കമ്പനികളുണ്ടെന്നാണ് സംഘടനകളുടെ കണക്ക്.