പാലക്കാട് വൻ അസാധു നോട്ട് വേട്ട. വാഹനത്തിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ നോട്ടുകളാണ് നോർത്ത് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള നോട്ടുശേഖരങ്ങൾ പിടികൂടുന്നുണ്ടെങ്കിലും, പിടിയിലാകുന്ന കാരിയർമാരിൽ നിന്ന് യഥാർത്ത കുറ്റവാളികളെ കണ്ടെത്താനാകാത്തതാണ് പോലീസിനു പ്രതിസന്ധിയാകുന്നത്.
നോർത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശകുന്തള ജങ്ഷനിൽ നടത്തിയ പരിശോധനയിലാണ് ബൊലേറോ വാഹനത്തിൽ കടത്താൻ ശ്രമിക്കുകയായിരുന്ന അസാധു നോട്ടുകൾ പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നു് കൊണ്ടു വന്നതാണ് ഈ നോട്ടുകൾ എന്നതല്ലാതെ ആരു നൽകിയതാണെന്നോ, എങ്ങോട്ടു കൊണ്ടു പോകുകയാണെന്നോ , പണം കൈവശമുണ്ടായിരുന്നവർക്ക് അറിയില്ല. ഇവർ കാരിയർമാരാണെന്നാണ് പൊലീസ് പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്ന് ഇത്തരം നിരവധി കേസുകൾ പിടികൂടുന്നുണ്ടെങ്കിലും, പിടിയിലാവുന്ന കാരിയർമാരിൽ നിന്ന് പണത്തിന്‍റെ ഉറവിടത്തെക്കുറിച്ചുള്ള വിവരം ലഭിക്കാത്തത് പോലീസിന് പ്രതിസന്ധിയാകുന്നുണ്ട്.
ആയിരത്തിന്‍റെയും 500ന്‍റെയും ഒരു കോടിയോളം മൂല്യമുണ്ടായിരുന്ന നോട്ടുകളാണ് പിടികൂടിയത്. പത്തു പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട സ്വദേശി സിജോ, പാവറട്ടി സ്വദേശി പ്രസാദ്, കുട്ടനെല്ലൂർ സ്വദേശി ഗോപലകൃഷ്ണൻ, അത്താണി സ്വദേശി മണി, പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി സക്കീർ, ബാലസുബ്രമണ്യം, കോയമ്പത്തൂർ ഉക്കടം സ്വദേശികളായ സന്തോഷ് കുമാർ, യാസർ, മനോജ്കുമാർ, കൊട്ടമേട് സ്വദേശി അബ്ബാസ് എന്നിവരാണ് പിടിയിലായത്. ഇതിൽ പാവറട്ടി സ്വദേശി പ്രസാദിനെതിരെ കള്ള നോട്ട് കേസ് നിലവിലുണ്ട്. ഏതാനും ദിവസം മുൻപും സമാന രീതിയിൽ ഒരു കോടി മൂല്യമുണ്ടായിരുന്ന അസാധു നോട്ടുകളുമായി മൂന്ന് പേരെ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അസാധു നോട്ടുകൾ എൻ ആർ ഐ അക്കൗണ്ടുകളിൽ കമ്മിഷൻ അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്ന ഏജന്‍റുമാരുടെ സംഘങ്ങൾ സംസ്ഥാനത്ത് സജീവമാണെന്ന് പോലീസിന് വിവരമുണ്ട്. ഇവ നിക്ഷേപിക്കാനുള്ള അവസാന ദിനവും കഴിഞ്ഞെങ്കിലും പിന്നെയും തുക കൈമാറ്റം ചെയ്യപ്പെടുന്നത് എങ്ങനെയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
