2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഎം നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകനെ ഗ്രേഡ് എസ്ഐ വിജയദാസ് ചവിട്ടുന്നതാണ്. അന്ന് മാധ്യമം പത്രം ഒന്നാം പേജില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു

കോഴിക്കോട്: ശബരിമലയില്‍ അയ്യപ്പഭക്തനെ ചവിട്ടുന്ന പൊലീസ് എന്ന കുറിപ്പോടെ പ്രചരിക്കുന്ന ചിത്രം വ്യാജം. അയ്യപ്പ ഭക്തനെ പൊലീസ് ചവിട്ടുന്നതും മറ്റൊരു പൊലീസുകാരന്‍ തടയുന്നതുമാണ് ചിത്രത്തില്‍. മനിഷാദ... അരുത് കാട്ടാള, അരുത്... അയ്യപ്പഭക്തനെ ആക്രമിക്കുന്ന പൊലീസുകാരന്‍ എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

എന്നാല്‍, ഇത് 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഎം നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകനെ ഗ്രേഡ് എസ്ഐ വിജയദാസ് ചവിട്ടുന്നതാണ്. അന്ന് മാധ്യമം പത്രം ഒന്നാം പേജില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

ഈ ചിത്രമാണ് ഇപ്പോള്‍ അയ്യപ്പഭക്തനെ പൊലീസ് മര്‍ദിക്കുന്നു എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നത്.

നേരത്തെയും, ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് അതിക്രമം എന്ന പേരില്‍ നിരവധി വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇങ്ങനെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.