ഇന്റെര്‍ഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് മുന്‍വശത്തുള്ള ഡെയ്‌ലി ഫ്രഷ് സ്ഥാപനത്തോടെ ചേര്‍ന്ന് ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഒരു കറുത്ത ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തിലെത്തിയവര്‍ നടന്ന് പോകുകയായിരുന്ന തമിഴ്‌നാട് തൃശ്ശിനാപള്ളി സ്വദേശിയായ സിബ്ബറാജിനെ തടഞ്ഞ് നിര്‍ത്തി പോലീസാണെന്ന് പറഞ്ഞ് സിവില്‍ ഐ.ഡി ചോദിക്കുകയും, തുടര്‍ന്ന് പേഴ്‌സ് തട്ടിയെടുത്ത് അതിലുണ്ടായിരുന്ന 250ദിനാറും കൈക്കലാക്കി. പിന്നീട് നടന്ന മല്‍പിടുത്തത്തിനിടെയില്‍ താഴെ വീണ സിബ്ബറാജിന്റെ ദേഹത്ത് കൂടെ വാഹനം ഓടിച്ച് പോകുകയായിരുന്നു അക്രമികള്‍.

രണ്ട് വശത്തും നമ്പര്‍ പെയിറ്റ് ഇല്ലാത്ത വാഹനമാണ് കവര്‍ച്ചക്കായി ഇവര്‍ ഉപയോഗിച്ചിരുന്നത്. സമീപത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആബുലന്‍സും സ്ഥലത്തെത്തി ഇദ്ദേഹത്തെ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ നട്ടെല്ലിന് പരിക്കേറ്റതായി സ്‌കാനിങില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുകയാണ് മധ്യവയസ്‌ക്കനായ സിബ്ബറാജ്. അതിനിടെ ഇയാള്‍ മരിച്ചതായും സാമൂഹ്യ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്.
മലയാളികള്‍ ഏറെ താമസിക്കുന്ന പ്രസ്തുത മേഖലയില്‍ കഴിഞ്ഞ ദിവസവും സ്‌ത്രികള്‍ അടക്കമുള്ളവരുടെ ബാഗ് പിടിച്ചുപറിച്ച് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് ആഴ്ച മുമ്പ് ഈ പ്രദേശത്ത് നിന്ന് സാഫാ റസ്റ്റോറന്റിന്റെ ഡെലിവറി കാര്‍, കത്തി കാട്ടി ഭീഷണിപ്പെടുത്തി കടത്തികൊണ്ടു പോകുകയും ചെയ്തിരുന്നു.