സേലം സ്വദേശി രാം പ്രസാദ് , വയനാട് സ്വദേശി ജോബി ജോസ് എന്നിവരാണ് പിടിയിലായത്. കോപ്പറും ഇറിഡിയവും ചേര്‍ന്ന ലോഹമുപയോഗിച്ച് നി‍ര്‍മിച്ചതാണെന്നും നാസയുടെ പക്കല്‍ നിന്ന് കിട്ടിയതാണെന്നും പറഞ്ഞാണ് ഇവര്‍ ആലുവ സ്വദേശി ജിന്‍ഷാദിനെ സമീപിച്ചത്. ധാന്യങ്ങള്‍ ആകര്‍ഷിക്കുന്നതിന് കഴിവുളള റൈസ് പുളളര്‍ വീട്ടില്‍ വെച്ചാല്‍ ഐശ്വര്യം വരുമെന്നായിരുന്നു വാഗ്ദാനം. വിലയായി ആദ്യം 6 ലക്ഷം രുപവാങ്ങി. റൈസ് പുളളറിന് കാന്തിക ശക്തിയുണ്ടെന്നും പ്രത്യേക ജാക്കറ്റ് ധരിക്കണമെന്നും പറഞ്ഞ് രണ്ട് ലക്ഷം കൂടി വാങ്ങി. റൈസ് പുളളര്‍ തരണമെങ്കില്‍ കൂടുതല്‍ തുക വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. കിടപ്പാടം പണയപ്പെടുത്തിയാണ് ജിന്‍ഷാദ് 28 ലക്ഷം നല്‍കിയത്. ഒടുവില്‍ തട്ടിപ്പ് മനസിലായതോടെ പരാതിപ്പെട്ടു. സമാനാമായ രീതിയില്‍ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായോന്ന് സംശയമുണ്ട്. തട്ടിപ്പ് സംഘത്തിലുള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടങ്ങി.