തൊടുപുഴ: വിഷക്കള്ള് വിറ്റ തൊടുപുഴയിലെ പത്തു ഷാപ്പുകൾക്ക് പൂട്ടുവീണു. പശപോലുളള രാസപദാർത്ഥം കലർത്തിയാണ് ഇവിടങ്ങളിൽ കള്ള് വിറ്റിരുന്നത്. തൊടുപുഴ റേഞ്ചിലും ഏഴാം ഗ്രൂപ്പിലുംപെട്ട പത്ത് കളളുഷാപ്പുകളാണ് ആഴ്ചകളായ് അടഞ്ഞു കിടക്കുന്നത്. റേഞ്ചിലെ ഉരിയരിക്കുന്നു ഷാപ്പിലെയും ഏഴാം ഗ്രൂപ്പിലെ കാളിയാർ ഷാപ്പിലെയും കള്ളുകളിൽ പശപോലുളള രാസപദാർത്ഥം കലർത്തിയതായ് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് നടത്തിപ്പുകാരുടെ ഷാപ്പുകൾക്ക് താഴ് വീണത്.

ഓണത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് എടുത്തയച്ച സാമ്പിളുകളിലെ മായം സ്ഥിരീകരിച്ചത് കാക്കനാട്ടെ സർക്കാർ അനലിറ്റിക്കൽ ലാബാണ്. കള്ളിന്റെ അളവും വീര്യവും കൂട്ടാനായ് നടക്കുന്ന മായം കലർത്തൽ തടയാൻ എകൈസ് വകുപ്പ് നടത്തിയിട്ടുളള പരിശോധനകളിൽ ആദ്യമായാണ് പശപോലുള്ള രാസപദാർത്ഥം പ്രയോഗിച്ചതായ് കണ്ടെത്തുന്നത്.

എക്സൈസ് കമ്മീഷണർ ലൈസൻസ് റദ്ദാക്കിയതിനു പുറമേ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ മറ്റു ഗ്രൂപ്പുകളിൽ നിന്നുളള കളളുകളുടെ പരിശോധനാ ഫലം കിട്ടാത്തതിനാൽ പാലക്കാടു നിന്ന് വന്ന കള്ളിലാണോ ഷാപ്പിലാണോ മായം ചേർക്കപ്പെട്ടതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.