വ്യാജ വാട്സആപ്പ് സന്ദേശം; തൊഴിലാളിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബെംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്ന് ആരോപിച്ച് ബെംഗളൂരു നഗരമധ്യത്തിൽ രാജസ്ഥാൻ സ്വദേശിയായ തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. സ്ത്രീകളും പ്രായപൂർത്തിയാവാത്തവരുമടക്കം ഇയാളെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ചാമരാജ് പേട്ടിലാണ് കാലുരാമു എന്നയാളെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തത്. പൊലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം നഗരത്തിലുണ്ടെന്ന വ്യാജ വാട്സ്ആപ്പ് സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. പ്രായപൂർത്തിയാവാത്ത രണ്ട് പേരടക്കം 14 പേർക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു.