Asianet News MalayalamAsianet News Malayalam

കൂട്ടകുരുതിയുടെ ഭീതിയില്‍ ഫലൂജ നഗരം

Fallujah: Iraqi forces 'closing in' on ISIL-held city
Author
First Published May 29, 2016, 3:32 AM IST

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിന് 60 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ഫലൂജ നഗരത്തില്‍ ഐഎസ് ഭീകരര്‍ 2014 ജനുവരി മുതല്‍ പിടിമുറുക്കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഖലീഫത്തായി പ്രഖ്യാപിച്ച ഫലൂജ തിരിച്ചുപിടിക്കാനുള്ള മുന്നേറ്റത്തില്‍ സൈന്യം നിര്‍ണ്ണായകമായ ആദ്യഘട്ടം പൂര്‍ത്തിയാക്കിയെന്ന് പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. 
സൈന്യവും പൊലീസും  അടങ്ങുന്ന വന്‍ സേന ഫലൂജ വളഞ്ഞിരിക്കുകയാണ്.

അമേരിക്കന്‍ സഖ്യസേന ഇവര്‍ക്ക് യുദ്ധവിമാനങ്ങളില്‍ ആകാശപ്രതിരോധമൊരുക്കി പിന്തുണ നല്‍കുന്നുമുണ്ട്. അതേസമയം നഗരം വളഞ്ഞ സൈന്യം ഉള്ളില്‍  കടക്കുന്നത് തടയാന്‍ ഭീകരര്‍ നഗരവാസികളെ ഉപയോഗിച്ച് മനുഷ്യമറ തീര്‍ത്തിരിക്കുകയാണ്. അന്പതിനായിരത്തിലേറെ വരുന്ന സാധാരണക്കാരെ മനുഷ്യമറയായി ഉപയോഗിച്ച് ആക്രമണം ചെറുക്കാനാണ് ഭീകരരുടെ ശ്രമം.

ബന്ദികള്‍ ഒളിച്ചുകടക്കുന്നത് തടയാന്‍ പ്രധാന പാതകളിലെല്ലാം ഭീകരര്‍ ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ വെടിവച്ചുകൊല്ലുകയും ചെയ്യും. എന്നാല്‍ നിരവധി ബന്ദികളെ മോചിപ്പിച്ച് ഫലൂജ തിരിച്ചുപിടിക്കാനുള്ള മുന്നേറ്റത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയെന്നാണ് സൈന്യത്തിന്റെ അവകാശവാദം. 

അതേസമയം  ഫലൂജയിലെ സ്ഥിതി അതീവ ഗുരുതരമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്ത. സ്ഥിതിഗതികള്‍ അനുദിനം വഷളായിവരുകയാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍വീജിയന്‍ റഫ്യൂജി കൗണ്‍സില്‍ ഇറാഖ് ഡയറക്ടര്‍ നാസര്‍ മുഫ്‌ലാഹി പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ തടവറയായി മാറിയ ഫലൂജയിലേക്ക് ഇറാഖി സൈന്യം നടത്തുന്ന മുന്നേറ്റം വന്‍ മനുഷ്യക്കുരുതിയിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകം. 

Follow Us:
Download App:
  • android
  • ios