മലപ്പുറം: ഹീമോഫീലിയ ബാധിതനായ യുവാവിന് എയ്ഡ്സ് ബാധയുണ്ടെന്ന് തെറ്റായ പരിശോധനാ ഫലം നല്‍കിയതായി പരാതി. കോഴിക്കോട്ടെ ഒരു സ്വകാര്യ ലാബാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കടുത്ത മാനസിക സംഘര്‍ഷത്തിലായ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ്.

മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ അറക്കല്‍ അന്‍വര്‍ സാദത്തും കുടുംബവുമാണ് ഇല്ലാത്ത എയ്ഡ്സ് രോഗത്തിന്‍റെ പേരില്‍ ദിവസങ്ങളോളം മാനസിക സംഘര്‍ഷം അനുഭവിച്ചത്. ഇദ്ദേഹത്തിന്‍റെ 19 കാരനായ മകന്‍ അര്‍ഷുദ്ദീന് എയ്ഡ്സ് രോഗമുണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഒരു സ്വകാര്യ ലാബാണ് തെറ്റായ പരിശോധനാ ഫലം നല്‍കിയത്. ഹീമോഫീലിയ ബാധിതനായ യുവാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

എയ്ഡ്സ് റിപ്പോര്‍ട്ട് ഉറപ്പിക്കാനായി മറ്റ് മൂന്ന് ലാബുകളില്‍ കൂടി പരിശോധന നടത്തിയെങ്കിലും എല്ലാത്തിലും ഫലം നെഗറ്റീവ് ആയിരുന്നു. ലാബിനെതിരെ ഡി.എം.ഒയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കാനാണ് കുടുംബത്തിന്‍റെ തീരുമാനം.