തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ, ആര്യനാട് സ്വദേശി ചന്ദ്ര മോഹനന്‍റെ മരണത്തിൽ ദൂരുഹത ആരോപിച്ച് കുടുംബം. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രമോഹൻറെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകി. കാട്ടാക്കടയിലും പരിസരത്തും ഡിവൈഎഫ്ഐ എസ്ഡിപിഐ സംഘർഷം നിലനിൽക്കുന്ന സമയത്തായിരുന്നു ചന്ദ്രമോഹനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടത്.
ഇക്കഴിഞ്ഞ ഡിസംബർ മൂന്നിന് രാത്രിയിലാണ് ആര്യനാട് പളളിവേട്ടയ്ക്ക് സമീപം ചന്ദ്ര മോഹനനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്കു വരുന്ന വഴി ബൈക്ക് അപകടത്തിലാണ് ചന്ദ്രമോഹൻ മരിച്ചതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.
മരിക്കുന്നതിന്‍റെ രണ്ടു ദിവസം മുമ്പുവരെ, കാട്ടാക്കടയിലും പ്രദേശത്തും ഉണ്ടായിരുന്ന ഡിവൈഎഫ്ഐ എസ്ഡിപിഐ സംഘർഷത്തിന്‍റെ പേരിൽ ജയിലിലായിരുന്നു ചന്ദ്രമോഹനൻ. അപകടമരണമല്ലെന്ന സംശയം ഉന്നയിച്ചിട്ടും അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് കുടുംബത്തിൻറെ പരാതി. മരിക്കുമ്പോൾ ഡിവൈഎഫ്ഐ കാട്ടാക്കട ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്നു ചന്ദ്ര മോഹൻ.
