കുടുംബത്തിന് വിലക്കും പിഴയും വീട് വേലി കെട്ടിത്തിരിച്ചു
തമിഴ്നാട്: മകൻ മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ മാതാപിതാക്കൾക്കും സഹോദരനും വിലക്കും പിഴയും കൽപിച്ച് തമിഴ്നാട്ടിലെ ഗ്രാമത്തലവൻ. തമിഴ്നാട്ടിലെ ഷോളഗിരിക്ക് സമീപം ജോഗിർപ്പാളയം ഗ്രാമത്തിലാണ് മിശ്രവിവാഹം കഴിച്ച ചന്ദ്രുവിന്റെ കുടുംബത്തെ ഇത്തരത്തിൽ ദ്രോഹത്തിനിരയാക്കിയത്. അതേ ഗ്രാമത്തിലെ തന്നെ ദേവയാനി എന്ന പെൺകുട്ടിയുമായി ചന്ദ്രു പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. മേൽജാതിയിൽ പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കേണ്ടി വന്നതിന്റെ പേരിൽ ഈ യുവാവിന് ഗ്രാമം വിട്ട് പോകേണ്ടി വന്നു. അവർ ഹൊസൂരിലേക്ക് താമസം മാറി.
എന്നാൽ ചന്ദ്രുവിന്റെ അമ്മയും അച്ഛനും സഹോദരനും ഇവിടെത്തന്നെ തുടർന്ന് താമസിച്ചു. രണ്ട് മാസം മുമ്പ് ചന്ദ്രുവും ഭാര്യയും കുഞ്ഞും മാതാപിതാക്കളെ സന്ദർശിക്കാൻ എത്തിയപ്പോൾ ഇവരെ ഗ്രാമത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. ആ ഗ്രാമത്തിലെ സ്വയം പ്രഖ്യാപിത തലവനായ രാഘവൻ എന്നയാളാണ് മറ്റ് മൂന്നുപേരെയും കൂട്ടി വന്ന് തന്നെ തടഞ്ഞതെന്ന് ചന്ദ്രു പറയുന്നു. ''സഹോദരനെയും മാതാപിതാക്കളെയും അവരുടെ വീടിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. വീടിനകത്തേക്ക് ആരും കയറാതിരിക്കാൻ അവർ വേലി കെട്ടിയിട്ടുണ്ടായിരുന്നു. വീടിന് പുറത്ത് ഒരു താത്കാലിക ഷെഡ് നിർമ്മിച്ച് അതിനുള്ളിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മാത്രമല്ല, ഇവർ വീടിനുള്ളിൽ കടക്കുന്നത് തടയാൻ ഒരു കാവൽക്കാരനെയും ഏർപ്പെടുത്തി.'' കൃഷ്ണഗിരി പൊലീസ് സൂപ്രണ്ടിന് ചന്ദ്രു നൽകിയ പരാതിയിൽ പറയുന്നു.
സ്വന്തം വീട്ടിൽ താമസിക്കാൻ വേണ്ടി 3 ലക്ഷം രൂപ പിഴയടയ്ക്കാനാണ് ചന്ദ്രുവിനോട് ഗ്രാമമുഖ്യനെന്ന് അറിയപ്പെടുന്ന രാഘവൻ പറഞ്ഞത്. അത് സാധ്യമല്ല എന്ന് പറഞ്ഞപ്പോൾ തുക കുറച്ച് ഒരു ലക്ഷമാക്കിയതായും ചന്ദ്രു വെളിപ്പെടുത്തുന്നു. ആഹാരമോ വസ്ത്രമോ ഇല്ലാതെയാണ് മാതാപിതാക്കൾ ആ ഷെഡ്ഡിൽ കഴിയുന്നതെന്ന് ചന്ദ്രു പറയുന്നു. ഷോലഗിരി പൊലീസ് ഇൻസ്പെക്ടർ മുരുകനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എസ് പി ഉത്തരവിട്ടു. അദ്ദേഹം ഗ്രാമത്തിലെത്തി ആദ്യം വേലി നീക്കം ചെയ്തു. മാതാപിതാക്കൾ നൽകിയ വിവരങ്ങളനുസരിച്ച് രാഘവൻ, ചിന്നസ്വാമി, സെൽവൻ, ഗോവിന്ദൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇത്തരം ഗ്രാമമുഖ്യൻമാരെ യാതൊരു രീതിയിലും അംഗീകരിക്കാൻ സാധ്യമല്ല എന്നാണ് ഇൻസ്പെക്ടർ മുരുകന്റെ വാക്കുകൾ. കുറ്റം ചെയ്താൽ ശിക്ഷിക്കാൻ കോടതിയും നിയമവുമുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഇവർ മതിയാകും. ഇത്തരം ആൾക്കാരുടചെ പ്രധാന ആവശ്യം പണമായിരിക്കും. അത് പ്രോത്സാഹിപ്പിക്കരുത്. പിടിയിലായവർക്കെതിരെ ഗാർഹിക അതിക്രമം, ഭീഷണി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
