ഭാര്യക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് രാജു, തെരുവിലിറങ്ങി ഭിക്ഷ യാചിക്കുന്നത്. ഭൂമി തിരിച്ചുനല്‍കാന്‍ ഉദ്യോഗസ്ഥരാവശ്യപ്പെട്ട കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ സഹായിക്കണമെന്ന് എഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും നോട്ടീസുകളുമെല്ലാം കാണിച്ചാണ് ഭിക്ഷാടനം
ഹൈദരാബാദ്: ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണ്ണയിക്കുന്ന രേഖകള്‍ തിരിച്ചുനല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് ഭിക്ഷാടനത്തിനിറങ്ങി കര്‍ഷകനും കുടുംബവും. കുര്‍ണൂല്‍ സ്വദേശിയായ രാജു എന്ന കര്‍ഷകനാണ് വ്യത്യസ്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 22 ഏക്കറോളം ഭൂമിയുടെ ഉടസ്ഥാവകാശം കൈക്കൂലി നല്‍കി അകന്ന ബന്ധു കൈവശപ്പെടുത്തിയെന്നും ഇത് ചോദിക്കാന്‍ ചെന്നപ്പോള്‍ രേഖകള്‍ തിരിച്ചുനല്‍കണമെങ്കില്‍ കൈക്കൂലി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നുമാണ് രാജു പറയുന്നത്. തങ്ങളുടെ കൈവശം പണമില്ലാത്തതിനാലാണ് ഭിക്ഷയെടുത്ത് കൈക്കൂലി നല്‍കാന്‍ തീരുമാനിച്ചതെന്നും ഇയാള്‍ പരിഹാസത്തോടെ പറയുന്നു.
ഭാര്യക്കും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് രാജു, തെരുവിലിറങ്ങി കച്ചവടസ്ഥാപനങ്ങളിലും മറ്റ് പൊതുവിടങ്ങളിലുമെല്ലാം പാത്രം നീട്ടി ഭിക്ഷ യാചിക്കുന്നത്. ഭൂമി തിരിച്ചുനല്‍കാന്‍ ഉദ്യോഗസ്ഥരാവശ്യപ്പെട്ട കൈക്കൂലി നല്‍കാന്‍ പണമില്ലാത്തതിനാല്‍ സഹായിക്കണമെന്ന് എഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും നോട്ടീസുകളുമെല്ലാം കാണിച്ചാണ് ഭിക്ഷാടനം.
എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ രാജുവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും രാജുവിനെതിരെ കേസെടുത്തേക്കുമെന്നും കുര്‍ണൂല്‍ ജില്ലാ കളക്ടര്‍ എസ് സത്യനാരായണ പറഞ്ഞു.
