വരള്‍ച്ചാ ദുരിതാശ്വാസം തേടി തമിഴ്നാട്ടിലെ കര്‍ഷകര്‍ ദില്ലി ജന്ദര്‍ മന്ദറില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധിയെത്തി. പണക്കാര്‍ക്ക് കടാശ്വാസം നല്‍കുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് കര്‍ഷകര്‍ക്ക് സഹായം ചെയ്യുന്നില്ലെന്ന് രാഹുല്‍ഗാന്ധി ചോദിച്ചു.
വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 40,000 കോടി രൂപയുടെ സഹായം അനുവദിക്കണം, നദീസംയോജനത്തിലൂടെ കര്‍ഷകര്‍ക്ക് വെള്ളം എത്തിക്കണം, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴാനാട്ടിലെ കര്‍ഷകര്‍ ദില്ലിയിലെ ജന്ദമന്ദിറില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര പന്തലില്‍ എത്തിയത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരോ പ്രധാനമന്ത്രിയോ കേള്‍ക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.
ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലോട്ടിയുമായും, പാമ്പിനേയും വെള്ളയെലിയേയും കടിച്ചും കര്‍ഷകര്‍ സമരം തുടരുകയാണ്. നൂറുദിവസത്തിന് ശേഷവും തീരുമാനമായില്ലെങ്കില്‍ മരണം വരെ നിരാഹരമിരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
