കര്‍ണാടകയില്‍ കിളികളെ ഓടിക്കാന്‍ നോക്കുകുത്തികളായി 'മോദിയും അമിത്ഷായും'
ബെംഗളൂരു: കര്ണാടകയിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് തലനാരിഴയ്ക്കാണ് ബിജെപിക്ക് ഭരണം നഷ്ടമായത്. കോണ്ഗ്രസ് ജെഡിയു സഖ്യമായി മാറിയതോടെ ഉണ്ടായ നാടകീയ സംഭവങ്ങള്ക്കൊടുവില് ബിജെപിയെ തള്ളി ജെഡിയു നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തില് മന്ത്രി സഭ രൂപീകരിച്ച് ഭരണം ആരംഭിച്ചിരുന്നു.
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില് ബെംഗളൂരുവിലെ ചിക്കമംഗലൂരുവില് ബിജെപി വന് നേട്ടമുണ്ടാക്കിയിരുന്നു. അഞ്ച് മണ്ഡലങ്ങളിലും ബിജെപിയായിരുന്നു വിജയിച്ചത്. പ്രചാരണ വേളയില് തന്നെ ഇതിന്റെ ലക്ഷണങ്ങള് പ്രകടമായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ റാലികളിലെല്ലാം വന് ജനപങ്കാളിത്തമായിരുന്നു.
മോദിയുടെയും അമിത് ഷായുടെയും മുഖ്യമന്ത്രി സ്ഥാനാര്ഥിയായിരുന്ന യെദ്യൂരപ്പയുടെയും പേരിലായിരുന്നു പ്രാദേശിക നേതാക്കള് വോട്ടു തേടിയത്. ഇതിന്റെ ഭാഗമായി കൂറ്റന് കട്ടൗട്ടുകളാണ് പ്രദേശങ്ങളില് സ്ഥാപിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിര്മിച്ച കട്ടൗട്ടുകള്ക്കെല്ലാം എന്തു സംഭവിച്ചു എന്ന് ചോദിച്ചാല്, ഒന്നും സംഭവിച്ചിട്ടില്ല അത് തലയുയര്ത്തി നില്പുണ്ട് എന്നായിരിക്കും ഗ്രാമീണരുടെ മറുപടി.

കവലകളില് തലയുയര്ത്തി നിന്നവ ഇപ്പോള് കൃഷിയിടങ്ങളില് വിള തിന്നാനെത്തുന്ന കിളികളെ അകറ്റുകയാണെന്ന് മാത്രം. കൃഷിയിടങ്ങളിലെത്തുന്ന പക്ഷികളെ തുരത്താനുള്ള നോക്കുകുത്തികളായാണ് പലയിടത്തും ഈ കട്ടൗട്ടുകള് ഉപയോഗിക്കുന്നത്. ലക്കവള്ളി ഹൊബ്ലിയിലാണ് കൂടുതല് കട്ടൗട്ടുകള് ഇത്തരത്തില് കൃഷിയിടത്തില് സ്ഥാപിച്ചിരിക്കുന്നത്. നല്ല മഴ ലഭിച്ച സാഹചര്യത്തില് വിത നേരത്തെ പൂര്ത്തിയായിരുന്നു. വിതച്ച വിത്തുകള് സംരക്ഷിക്കാനാണ് കട്ടൗട്ടുകള് സ്ഥാപിച്ചിരിക്കുന്നത്.
ബിജെപി നേതാക്കള് മാത്രമല്ല കൃഷിയിടങ്ങളില് നോക്കു കുത്തിയായതെന്നും റിപ്പോര്ട്ടുണ്ട്. മറ്റു പലയിടത്തും കോണ്ഗ്രസ് നേതാക്കളുടെ കട്ടൗട്ടുകളും ഇത്തരത്തില് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നത്. വാര്ത്തകള് പ്രചരിച്ചതോടെ കൃഷിയിടങ്ങളില് സെല്ഫിയെടുക്കാനും ചിത്രങ്ങളെടുക്കാനും ആളുകള് എത്താറുണ്ടെന്നും കര്ഷകര് പറയുന്നു.
