ഭോപ്പാല്‍: മധ്യപ്രദേശില്‍ കര്‍ഷകസമരത്തിനിടെ വയോധികരായ കര്‍ഷക ദമ്പതികളെ പൊലീസ് ക്രൂരമായി തല്ലിച്ചതയ്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു.  80 വയസ്സുള്ള കമലാഭായ് മെവാഡ എന്ന വൃദ്ധയും ഭര്‍ത്താവ് 100 വയസ്സിനടുത്ത് പ്രായമുള്ള ശിവചരണ്‍ മേവാഡയുമാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.

സമാധാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തിവന്ന ഉപവാസം അവസാനിപ്പിച്ചതിനു പിന്നാലെയാണ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ വൈറലാകുന്നത്. തുടര്‍ന്ന് ദമ്പതികള്‍ വാര്‍ത്ത ശരിവച്ച് രംഗത്തു വരികയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആറ് കര്‍ഷകര്‍ മരിക്കാനിടയായ പൊലീസ് വെടിവെപ്പിന്റെ തുടര്‍ച്ചയായി നടന്ന സമരത്തെ തുടര്‍ന്നാണ് സംഭവം. സമാധാനം ആവശ്യപ്പെട്ട് സമരം ചെയ്തുവന്ന മുഖ്യമന്ത്രിയെ കാണാനും പരാതി ബോധിപ്പിക്കാനും ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ലെന്നും ദമ്പതികള്‍ പറയുന്നു.

സേഹോറിനടുത്തുള്ള ഫാന്‍ഡ കലാണ്‍ ഗ്രാമത്തില്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്ത സമരക്കാരെ തിരഞ്ഞുവന്ന പൊലീസ്, തന്റെ വീട്ടിലെത്തുകയും മര്‍ദ്ദനം അഴിച്ചുവിടുകയുമായിരുന്നെന്ന് അവര്‍ പറയുന്നു. തന്റെ മകനെയും നാലു പേരക്കുട്ടികളെയും പൊലീസ് അന്യായമായി അറസ്റ്റ് ചെയ്തതായും അവര്‍ ആരോപിക്കുന്നു.

തങ്ങളാരും സമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും സമരത്തില്‍ സംഘര്‍ഷം നടക്കുമെന്ന് ഭയപ്പെട്ട്  വീടുവിട്ടു പുറത്തുപോയിരുന്നില്ലെന്നും അവര്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്തിരുന്ന ചിലര്‍ പൊലീസില്‍നിന്ന് രക്ഷപെടാന്‍ വീടിനു സമീപത്തുകൂടി ഓടുകയും ഇവരെ പിന്‍തുടര്‍ന്നുവന്ന പൊലീസ്, വീടിനു മുന്നില്‍ ഇരിക്കുകയായിരുന്ന തന്നെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പൊലീസിന്റെ മര്‍ദ്ദനത്തില്‍ ശിവചരണിനും കമലാഭായിക്കും ഗുരുതര പരിക്കേറ്റു. കൈയ്യിലെയും കാലിലെയും എല്ലുകള്‍ പൊട്ടി.

സംഭവത്തില്‍ പ്രതിഷേധിച്ച് നിരാഹാരം ആരംഭിക്കാനൊരുങ്ങുകയാണ് ഈ വയോധികര്‍. മുഖ്യമന്ത്രി തങ്ങളെ വന്നു കാണുന്നതുവരെ സമരം തുടരുമെന്നും കമലാഭായ് പറയുന്നു.

വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കണമെന്നും കാര്‍ഷികവായ്പകള്‍ എഴുതി തള്ളണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മധ്യപ്രദേശില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. സമരത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെയാണ് സമരം ശക്തമാകുന്നത്. ഇതിനു പിന്നാലെ സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയ ഉപവാസം കഴിഞ്ഞദിവസമാണ് അവസാനിപ്പിച്ചത്.