ഉപയോഗം കുറക്കണമെന്ന് കൃഷിവകുപ്പ് നിർദ്ദേശിച്ചിട്ടും, കുട്ടനാട്ടിലടക്കം നിരോധിച്ച കീടനാശിനി യഥേഷ്ടം ഉപയോഗിക്കുകയാണ്. നിരോധിത കീടനാശിനികൾ പേരുമാറ്റിയാണ് എത്തുന്നത്.

ആലപ്പുഴ: ഉപയോഗം കുറക്കണമെന്ന് കൃഷിവകുപ്പ് നിർദ്ദേശിച്ചിട്ടും, കുട്ടനാട്ടിലടക്കം നിരോധിച്ച കീടനാശിനി യഥേഷ്ടം ഉപയോഗിക്കുകയാണ്. നിരോധിത കീടനാശിനികൾ പേരുമാറ്റിയാണ് എത്തുന്നത്. കീടനാശിനി കൃഷിക്കാര്‍ക്ക് നല്‍കാതിരിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള കൃഷിവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പരസ്യമായി തന്നെ അട്ടിമറിക്കപ്പെടുന്നു.

കീടനാശിനി ഉപയോഗം കുറയ്ക്കുകയാണ് ലക്ഷ്യമിട്ട് ഈ മാസം മൂന്നാം തീയതി കൃഷിവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഡിപ്പോകളിലെ ഉദ്യോഗസ്ഥരുടെ പരിശോധന പ്രഹസനമാകുന്നു. ഒരിടത്ത് നിന്നുപോലും പേരുമാറ്റിയെത്തുന്ന നിരോധിത കീടനാശിനികള്‍ പിടിച്ചെടുക്കാന്‍ കഴിയുന്നുമില്ല. നിരോധിത കീടനാശിനികള്‍ വില്‍ക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് കൃഷിവകുപ്പ് മന്ത്രി പറയുന്നത്.

കീടനാശിനികളുടെ ഉപയോഗവും വില്‍പനയും കുറക്കാന്‍ കൃഷിവകുപ്പ് ശ്രമിക്കുമ്പോഴും കര്‍ഷകര്‍ വ്യാപകമായി നിരോധിത കീടനാശിനികള്‍ തന്നെ പാടത്ത് ഉപയോഗിക്കുകയാണ്. വിതയ്ക്കും മുമ്പ് തുടങ്ങുന്ന വിഷമടിക്കല്‍ നെല്ല് വിളയുന്നതുവരെ നീളുന്നു. അതും ഉഗ്രശേഷിയുള്ളവ. അതേസമയം, കീടനാശിനി ഉപയോഗിക്കാതെ കൃഷി ചെയ്താല്‍ ഭീമമായ നഷ്ടമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.