സോണിയുടെ രണ്ട് മക്കള്‍ക്കും എള്ളിനെ കുറിച്ച് നൂറ് സംശയങ്ങളായിരുന്നത്രെ.
തൃശൂര്: മുറ്റത്തൊരിത്തിരി സ്ഥലമുണ്ടായാല് മനസില് വിളയുക വര്ണ്ണം നിറയുന്ന പൂച്ചെടികളാകും. ഇവിടെ മുല്ലശേരി വടക്കന് പുതുക്കാട്ടുകാരനായ ട്രാന്സ്പോര്ട്ട് ഡ്രൈവറും കുടുംബവും മുറ്റം നിറയെ പൂന്തോട്ടമാക്കിയില്ല. നല്ല പാലക്കാടന് എള്ളുവിത്ത് വാങ്ങി വിതച്ചു. കാണുന്നവര്ക്കും കൗതുകം. വിടരുകയും വാടുകയും ചെയ്യുന്ന പൂക്കളേക്കാള് കൈയ്യില് പത്ത് പൊന്പണം കിട്ടുന്ന അസല് കൃഷിപാഠം. അച്ഛന്റെയും അമ്മയുടെയും ഈ കാര്ഷിക ജ്ഞാനം രണ്ട് മക്കളും സ്വന്തമാക്കികഴിഞ്ഞു.
ഇനി ഇവരെ പരിചയപ്പെടാം... വടക്കന് പുതുക്കാട് കര്മ്മല മാതാവിന്റെ ദേവാലയത്തിന് സമീപം താമസിക്കുന്ന കണ്ണംപുഴ സോണിയാണ് ഈ കര്ഷക ഗൃഹനാഥന്. തോളൂര് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്സായ സീമയാണ് സോണിയുടെ ജീവിത പങ്കാളിയും കാര്ഷിക സഹായിയും. ഒപ്പം സോമിയുടെ അമ്മ ലൂസിയും മക്കളായ ബില്ഹയും ദില്ഹയും.
ഇനിമറ്റൊരു കാര്യം പറയാം... സോണിയുടെ രണ്ട് മക്കള്ക്കും എള്ളിനെ കുറിച്ച് നൂറ് സംശയങ്ങളായിരുന്നത്രെ. മക്കളെ പറഞ്ഞ് മനസിലാക്കി, മനസിലാക്കി എള്ളിന്റെ മൂല്യം ഈ കുടുംബം അങ്ങേറ്റെടുക്കുകയായിരുന്നു. നാട്ടില് അപൂര്വ്വമായിക്കൊണ്ടിരിക്കുന്ന എള്ളുകൃഷിയിലേക്ക് മാതാപിതാക്കളെ നയിക്കാന് ഇവരുടെ സംശയങ്ങള് പ്രേരണയായെന്നുവേണം പറയാന്. കെഎസ്ആര്ടിസി ഗുരുവായൂര് ഡിപ്പോയില് ഡ്രൈവറാണ് സോണി.
വീട്ട് മുറ്റത്തെ എള്ള് കൃഷിയിലൂടെ മക്കള്ക്ക് മാത്രമല്ല, സമൂഹത്തിനും കാര്ഷിക സംസ്ക്കാരത്തിന്റെ കൃഷിപാഠം ഒരുക്കുകയാണ് ഈ കുടുംബനാഥന്. വീട്ടുമുറ്റത്തെ പതിനഞ്ച് സെന്റ് സ്ഥലത്താണ് കൃഷി നടപ്പിലാക്കിയിട്ടുള്ളത്. ഗോമൂത്രവും ചാണകവും മാത്രമാണ് കൃഷിക്ക് വളമായി നല്കിയിട്ടുള്ളത്. സോണിയുടെ എള്ള് കൃഷിയെ കുറിച്ചറിഞ്ഞ് എത്തിച്ചേരുന്ന നാട്ടുകാര്ക്ക് കൃഷി രീതികളെ കുറിച്ചും എള്ളിന്റെ ഗുണ മേന്മകളെക്കുറിച്ചും ഇപ്പോള് വിശദീകരിച്ചു നല്കുന്നത് മക്കളായ ബില്ഹയും ദില്ഹയുമാണ്. അടുത്ത് തന്നെ എള്ള് കൃഷിയുടെ വിളവെടുപ്പ് നടത്താന് കഴിയുമെന്ന പ്രതീക്ഷയിലാണ് സോണിയും കുടുംബവും.
