ശ്രീനഗര്‍: രാജ്യം ഇന്ന് നേരിടുന്ന പ്രധാന ഭീഷണി വെറുപ്പിന്റെ രാഷ്ട്രീയമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. വര്‍ഗ്ഗീയ വിഭജനത്തിന്റെ പ്രചാരകരായ ആളുകളെ കരുതിയിരിക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഇവിടെ മതങ്ങള്‍ക്കൊന്നും ഒരു ഭീഷണിയുമില്ല. എന്തെങ്കിലും ഭീഷണിയുണ്ടെങ്കില്‍ അത് വെറുപ്പിന്റെ രാഷ്ട്രീയം മാത്രമാണ്. അത്തരം രാഷ്ട്രീയക്കാര്‍ സാമുദായിക സൗഹാര്‍ദ്ദത്തിന്റേയും ഐക്യത്തിന്റേയും നാടായ കശ്മീരില്‍ നിന്നും മാറി നില്‍ക്കണമെന്നും ഫറൂഖ് അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനം പങ്കാളികളാകണം. സാമുദായിക വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യത്തിന്റെ അടിത്തറ പാകുന്നതില്‍ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാക്കണം.... നാഷണല്‍ കോണ്‍ഫറന്‍സ് ആസ്ഥാനത്ത് നേതാക്കളെ കണ്ടു സംസാരിക്കവേ ഫറൂഖ് അബ്ദുള്ള പറഞ്ഞു.
