ഫ്‌ളാറ്റിനകത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് സംശയാസ്പദമാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നാല്‍ സത്യമറിയാന്‍ കഴിയൂവെന്നും വെര്‍സോവ പൊലീസ് അറിയിച്ചു

മുംബൈ: ആറാം നിലയിലെ വീടിന്റെ ജനല്‍ ഗ്രില്‍ ശരിയാക്കുന്നതിനിടെ താഴേക്ക് വീണ തൊഴിലാളികളായ അച്ഛനും മകനും മരിച്ചു. വെര്‍സോവ സ്വദേശികളായ കൃഷ്ണ ജാദവ് (62), മകന്‍ കിഷോര്‍ (35) എന്നിവരാണ് മരിച്ചത്. 

വിദേശത്ത് താമസിക്കുന്ന വീട്ടുകാരുടെ നിര്‍ദേശപ്രകാരം വീട്ടുജോലിക്കാരനാണ് തൊഴിലാളികളായ ഇരുവരെയും ഫ്‌ളാറ്റിലെത്തിച്ചത്. ജനല്‍ ഗ്രില്‍ മാറ്റുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് ഇരുവരെയും ഏല്‍പിച്ചത്. തുടര്‍ന്ന് ജോലിക്കാരന്‍ ഇവിടെ നിന്ന് മടങ്ങി.

അപകടം നടക്കുമ്പോള്‍ അച്ഛനും മകനും മാത്രമേ ഫ്‌ളാറ്റിലുണ്ടായിരുന്നുള്ളൂ. ജനല്‍ ഗ്രില്‍ മാറ്റുന്നതിനിടെ രണ്ടുപേരും താഴേക്ക് വീണതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഫ്‌ളാറ്റിനകത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്. ഇത് സംശയാസ്പദമാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നാല്‍ സത്യമറിയാന്‍ കഴിയൂവെന്നും വെര്‍സോവ പൊലീസ് അറിയിച്ചു. 

അപകടം നടന്നയുടന്‍ തന്നെ മറ്റ് ഫ്‌ളാറ്റിലുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരമായ പരിക്കേറ്റ രണ്ട് പേര്‍ക്കും അപ്പോഴേക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.