ദില്ലി: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഒരു വയസ്സുകാരിയായ മകളെ കഴുത്തറത്ത് കൊന്നു. ഭാര്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ ഭര്‍ത്താവിനെ പോലീസില്‍ ഏല്‍പിച്ചു. മര്‍ദ്ദനമേറ്റ ഭാര്യയുടെ നില ഗുരുതരമാണ്.

ദില്ലിയിലെ ആദര്‍ശ നഗറിലാണ് ദാരുണമായ കൊലപാതകം നടന്നത് .ബീഹാര്‍ സ്വദേശിയായ കന്‍ഹയ്യയും ഭാര്യ സിസീലിയയും തമ്മില്‍ അര്‍ദ്ധരാത്രി ഉണ്ടായ വഴക്കാണ് കുട്ടിയുടെ ജീവനെടുക്കാന്‍ കന്‍ഹയ്യയെ പ്രേരിപ്പിച്ചത്.ഭാര്യ സിസീലിയയെ ഏറെ നാളായി പരപുരുഷ ബന്ധം ആരോപിച്ച് കന്‍ഹയ്യ മര്‍ദ്ദിച്ചിരുന്നു.

ഇവര്‍ക്ക് മകള്‍ ജനിച്ചതോട് കൂടിയാണ് തര്‍ക്കം തുടങ്ങിയത്. മകള്‍ തന്‍റെതല്ലെന്ന് ആരോപിച്ചും ഭാര്യയെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. ഇന്നലെ അര്‍ദ്ധരാത്രി ഉറക്കത്തിനിടയില്‍ കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതനായ കന്‍ഹയ്യ ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെടുകയും കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയെയും ഇയാള്‍ കയ്യിലുള്ള വെട്ട് കത്തി കൊണ്ട് ആക്രമിച്ചു.സിസീലിയയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയെങ്കിലും വീടിന്‍റെ കതക് തുറക്കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് കതക് തള്ളിതുറന്നാണ് സിസീലിയയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.നാട്ടുകാര്‍ ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കന്‍ഹയ്യയെ പിടികൂടി.ഇയാളുടെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. 2014ലാണ് അസം സ്വദേശിയായ സിസീലിയയെ കന്‍ഹയ്യ വിവാഹം കഴിച്ചത്.