മുംബൈ: പത്ത് വയസുകാരനായ മകന്‍റെ മൊഴിയില്‍ ഭാര്യയെ കൊന്ന ഭര്‍ത്താവിന് അഞ്ച് വര്‍ഷത്തെ തടവ്. ഭാര്യ മീനയെ കൊലപ്പെടുത്തിയ കേസില്‍ ഇര്‍ഫാന്‍ ഷെയ്ഖിനെയാണ് കോടതി ശിക്ഷിച്ചത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. തെളിവുകള്‍ ഇല്ലായെന്നതും കോടതി നിരീക്ഷിച്ചു.

തറയില്‍ കിടക്കാതെ കട്ടിലില്‍ കിടന്നതിനാണ് മീനയെ മണ്ണെണ്ണ ഒഴിച്ച് ഇര്‍ഫാന്‍ കത്തിച്ചത്. സ്റ്റൗവ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ഭാര്യ മരിച്ചതെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞത്. 2005 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2014 ജൂണ്‍ 25 നാണ് ഭാര്യയെ ദാരുണമായി ഇര്‍ഫാന്‍ കൊന്നത്.

 മാതാപിതാക്കള്‍ തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു എന്ന് കുട്ടി കോടതിയില്‍ വ്യക്തമാക്കി. സംഭവ ദിവസം കട്ടിലില്‍ കിടന്ന അച്ഛന്‍റെ കാല് അമ്മ മസാജ് ചെയ്ത് കൊടുക്കുകയായിരുന്നു. നിലത്ത് കിടക്കാന്‍ അച്ഛന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ അത് നിരസിച്ചെന്നും തുടര്‍ന്ന് അമ്മയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയ അച്ഛന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നും മകന്‍ പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷമാണ് യുവതി മരിച്ചത്.